ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു

 
KAKKAYAM DAM

കോഴിക്കോട് : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കക്കയം ഡാമില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.20 ന് കറിയാത്തും പാറയില്‍ സ്ഥാപിച്ച സൈറണ്‍ ടെസ്റ്റ് ചെയ്യും. ജല നിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഡാം ഷട്ടര്‍ ഉയര്‍ത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവില്‍ 755.50 മീറ്റര്‍ ആയി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചത്.


അതേസമയം, 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി ഡാമിന്റെ ഡൈവേര്‍ഷന്‍ ഡാമുകളായ കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളാണ് നിറഞ്ഞത്. ഇതോടെ കല്ലാര്‍കുട്ടി ഡാമിന്റെ 5 ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

അപകടനിലയിലെത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ക്കും റെഡ്അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും രണ്ടു മുതല്‍ അഞ്ചു വരെയുള്ള ഷട്ടറുകളും ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി. പത്തനംതിട്ട ജില്ലയിലെ ഡാമുകളും തുറക്കേണ്ട സാഹചര്യമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.മൂഴിയാര്‍ ഡാമിന്റെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Tags

Share this story

From Around the Web