ജലനിരപ്പ് 190 മീറ്ററിലെത്തി; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്.ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കും

 
mooozhiyar dam

    
 
പത്തനംതിട്ട: മഴ കനത്തതോടെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ടാണ്. 

ജലനിരപ്പ് 190 മീറ്ററിന് അടുത്തെത്തി. ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറന്നേക്കും. 

ഇതിനെ തുടര്‍ന്ന് കക്കാട് നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


പത്തനംതിട്ട ജില്ലയില്‍ നിലവില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്.
കണ്ണൂര്‍ ചെറുപുഴയില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. 

സമീപത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറി. കര്‍ണാടക വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.


 തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

കണ്ണൂര്‍ പാല്‍ ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സപെട്ടു. ചെകുത്താന്‍ തോടിന് സമീപമാണ് മണ്ണിടിഞ്ഞത്. 


രണ്ട് വീടുകളിലുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്. മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 


ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവോണ ദിനത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

 നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 26/08/2026 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.


അതേസമയം, ഡല്‍ഹിയിലും കനത്ത മഴ തുടരുകയാണ്. നിലവില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെത്തുടര്‍ന്ന് നഗരപ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

Tags

Share this story

From Around the Web