വൈറൽ പ്രസംഗം പണിയായി, ഭാര്യ പിണങ്ങി, മാധ്യമങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല; കോൺഗ്രസ് നേതാവ് ബി.ആർ.എം ഷെഫീർ
തിരുവനന്തപുരം: തന്റെ പ്രസംഗം വൈറലായതിന് പിന്നാലെ വീട്ടിൽ ഭാര്യയുമായി പിണക്കത്തിലാണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീർ. ട്രാൻസ്ഫറിനായി സഹായം ചോദിച്ച ബന്ധുവിനോട് 'നടക്കില്ല' എന്ന് തുറന്നു പറഞ്ഞതിനെക്കുറിച്ചാണ് ഷെഫീറിന്റെ പ്രതികരണം. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാര്യാ സഹോദരിയുടെ ഭർത്താവായ പൊലീസുകാരൻ സ്ഥലം മാറ്റത്തിനായി തന്നോട് സഹായം അഭ്യർത്ഥിച്ചെന്നും, എന്നാൽ അത് താൻ നിരസിക്കുകയായിരുന്നുവെന്നും ഷെഫീർ പറഞ്ഞു. "അതൊരു ആഭ്യന്തര യോഗമാണെന്ന് കരുതിയാണ് കുടുംബകാര്യങ്ങൾ പോലും ഞാൻ സംസാരിച്ചത്. അവിടെ മാധ്യമപ്രവർത്തകർ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് യു.ഡി.എഫ് അനുകൂല ഉദ്യോഗാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് താൻ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല. പിന്നീട് സർക്കാർ മാറിയപ്പോൾ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റം വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ കർശനമായി വിസമ്മതിക്കുകയായിരുന്നു. തന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വീട്ടിൽ ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടായെങ്കിലും, താൻ എടുത്ത നിലപാട് ശരിയായിരുന്നുവെന്ന ഉറച്ച ബോധ്യമാണ് നേതാവിനുള്ളത്.