യുവജനങ്ങൾക്ക് ബൗദ്ധിക, ധാർമ്മിക, സാമ്പത്തിക പിന്തുണ നൽകുന്ന “വില്ല നാസറത്ത്” പ്രസ്ഥാനത്തിന് കൂടിക്കാഴ്ച അനുവദിച്ച് പാപ്പാ

 
Papa

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, ബുദ്ധിമുട്ടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയ യുവജനങ്ങൾക്ക് പ്രത്യാശ പകരാനും സഹായമേകാനും വേണ്ടി കർദ്ദിനാൾ ഡൊമിനിക് തർദീനി സ്ഥാപിച്ച "വില്ല നാസറത്ത്" (Villa Nazareth) പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക്, സ്ഥാപനത്തിന്റെ എൺപതാം വാർഷികത്തിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ. യുവജനങ്ങൾക്ക് ബൗദ്ധിക, ധാർമ്മിക, സാമ്പത്തിക പിന്തുണ നൽകിക്കൊണ്ടുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ, ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഈ സമൂഹത്തിന് അനുവദിച്ച കൂടിക്കാഴ്ചയിൽ പാപ്പാ ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസത്തിനും സമാധാനത്തിനുമുള്ള അടയാളവും മാർഗ്ഗവുമായാണ് വില്ല നാസറത്ത് ജന്മമെടുത്തതെന്ന് അനുസ്മരിച്ച പരിശുദ്ധ പിതാവ്, തങ്ങളുടെ കുടുംബങ്ങളിലും പഠനയിടങ്ങളിലും, വിനോദ-ജോലി മേഖലകളിലും സുവിശേഷമൂല്യങ്ങൾ ജീവിക്കുന്നതിനുപകരിക്കുന്ന മാർഗ്ഗങ്ങൾ നൽകിക്കൊണ്ട്, നന്മ പ്രവർത്തിക്കുന്ന നേതാക്കളാകാൻ യുവജനങ്ങളെ സഹായിക്കുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അനുസ്മരിച്ചു.

വിദ്യാഭ്യാസലഭ്യതയ്ക്കുള്ള സാധ്യതകളും സാമ്പത്തികശേഷിയുമില്ലാതിരുന്നവരും, എന്നാൽ കഴിവും താത്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് സഹായമേകുക എന്ന ലക്ഷ്യത്തോടെയാണ്, കർദ്ദിനാൾ തർദീനി ഈ സ്ഥാപനത്തിന് ജന്മമേകിയതെന്ന് വില്ല നാസറത്ത് പ്രസ്ഥാനത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ആദ്ധ്യാത്മിക ഉപദേഷ്ടാക്കളും മറ്റു സഹകാരികളും ഉൾപ്പെടുന്ന സംഘത്തെ പാപ്പാ ഓർമ്മിപ്പിച്ചു.

സ്വയം പര്യാപ്തതയല്ല, സ്വാതന്ത്രരാക്കുന്ന ബന്ധങ്ങളും, പരിവർത്തനപ്പെടുത്തുന്ന കൂട്ടായ്മയുമാണ് മനുഷ്യർക്ക് ഉപകാരപ്പെടുകയെന്ന്, അടുത്തിടെ പ്രസിദ്ധീകരിച്ച "മഞ്ഞീഫിക്ക ഹുമാനിത്താസ്" (Magnifica Humanitas) എന്ന തന്റെ പ്രഥമ ചാക്രികലേഖനം പരാമർശിച്ചുകൊണ്ട് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, മറ്റൊരു ബാബേൽ ഗോപുരമല്ല, സ്നേഹത്തിലും ആഗോളസഹോദര്യത്തിലും അധിഷ്ഠിതമായ "ദൈവത്തിന്റെ നഗരമാണ്" നാം സൃഷ്ടിക്കേണ്ടതെന്ന് പ്രസ്താവിച്ചു.

തന്റെ മുൻഗാമികളായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെയും ബെനഡിക്ട് പതിനാറാമൻ പാപ്പായുടെയും ഉദ്ബോധനങ്ങളിലെയും പ്രഭാഷണങ്ങളിലെയും ചിന്തകൾ അനുസ്മരിച്ചുകൊണ്ട്, അഹങ്കാരത്തിന്റെ തടവുകാരും, അധികാരത്തിന്റെ നയം ജീവിക്കുന്നവരുമാകാനല്ല, മറിച്ച് സംവാദത്തിന്റെ മനോഭാവമുള്ളവരാകാനായി വേണം പരിശ്രമിക്കേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. വളർച്ചയ്ക്കും അറിവിനും വേണ്ടിയുള്ള ഏറെ മാർഗ്ഗങ്ങളാണ് ഇന്നത്തെ യുവജനങ്ങൾക്ക് മുന്നിൽ തുറന്നുകിടക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മനസ്സും ആത്മാവും, വിശ്വാസവും വിദ്യാഭ്യാസവും ജോലിയും ജീവിതവും തമ്മിലുള്ള ശരിയായ ഐക്യം നേടാനുതകുന്ന പ്രകാശവും മാർഗ്ഗനിർദ്ദേശവും അവർക്ക് ലഭിക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ചു.

Tags

Share this story

From Around the Web