ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ വിജയം അധികാരത്തിന്റെ അടിസ്ഥാനം സേവനമാണെന്ന് വെളിപ്പെടുത്തുന്നു: ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: ഇല്ലിനോയിസ് സംസ്ഥാനത്തുള്ള മുനിസിപ്പാലിറ്റികളുടെ സേവനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഇല്ലിനോയിസ് മുനിസിപ്പല്‍ ലീഗ് എന്ന സംഘടനയുടെ പ്രതിനിധികള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.
ഏതു പ്രയാസകരമായ സാഹചര്യങ്ങളെയും സ്‌നേഹത്തിന്റെ ശക്തിയാല്‍ രൂപാന്തരപ്പെടുത്തുവാന്‍ സാധിക്കുമെന്ന് നമുക്ക് കാണിച്ചുതരുന്നതാണ് യേശുവിന്റെ പെസഹാ രഹസ്യങ്ങളെന്നു പാപ്പാ എടുത്തു പറഞ്ഞു.
കഷ്ടപ്പാടുകള്‍ എല്ലായ്‌പ്പോഴും ഒഴിവാക്കാന്‍ സാധിക്കാറില്ല എന്നത് യാഥാര്‍ഥ്യമായിരിക്കെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കുന്നതു മാത്രമല്ല അവനു നവമായ ജീവിതത്തിലേക്കുള്ള ഒരു വഴി തുറന്നുകൊടുക്കുവാന്‍ സാധിക്കുന്നതിലൂടെ രക്ഷയുടെ അര്‍ത്ഥം കണ്ടെത്തുവാന്‍ സാധിക്കുമെന്നും പാപ്പാ പറഞ്ഞു.
ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ വിജയം അധികാരത്തിന്റെ അടിസ്ഥാനം സേവനമാണെന്ന് വെളിപ്പെടുത്തുന്നുവെന്നും പിതാവിന്റെ ഇഷ്ടത്തോടുളള അവന്റെ സേവനവും അനുസരണവും സകല മനുഷ്യവര്‍ഗത്തിനും പ്രത്യാശയുടെ സമാധാനം പ്രദാനം ചെയ്തുവെന്നും പാപ്പാ പറഞ്ഞു.
അതിനാല്‍ കര്‍ത്താവ് നേടിത്തന്ന വിജയം നമുക്ക് ഒരു മാര്‍ഗ്ഗദീപവും എന്നാല്‍ അതേസമയം ഒരു വെല്ലുവിളിയുമാണെന്നും പാപ്പാ അനുസ്മരിച്ചു.
അവിഭാജ്യമായ മാനവ വികസനം കൈവരിക്കാന്‍ ജനതയെ സഹായിക്കുന്നതിന് ഭരണ പ്രതിനിധികള്‍ എന്ന നിലയില്‍ സംഘടനയിലെ ആളുകള്‍ ഏറ്റവും ദുര്‍ബലരായ ആളുകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
ഇത് പ്രാവര്‍ത്തികമാക്കുവാന്‍ ആളുകളുടെ അഭിലാഷങ്ങളും അവരുടെ ബുദ്ധിമുട്ടുകളും അറിയാന്‍ ആദ്യം സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും ഓരോ വ്യക്തിയുടെയും അന്തസ്സ് അംഗീകരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
പാപ്പാ തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്ക് ഉറപ്പ് നല്‍കുകയും അര്‍പ്പണബോധമുള്ള അവരുടെ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
ക്രിസ്തു നല്‍കിയ സമാധാനം സഹ പൗരന്മാരിലേക്ക് എത്തിക്കുവാന്‍ ഏവര്‍ക്കും സാധിക്കാകട്ടെയെന്ന ആശംസയും ഉപസംഹാരമായി പാപ്പാ നല്‍കി.
.