കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

 
court


തിരുവനന്തപുരം:കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സസ്‌പെന്‍ഷന്‍ അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് ജസ്റ്റിസ് ടി ആര്‍ രവി പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചെന്ന് ചോദിച്ച കോടതി ചിലര്‍ക്ക് വാശിയാണെന്നും വിമര്‍ശിച്ചു.

തന്നെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡോക്ടര്‍ കെ എസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ നടപടി നിയമപരമാണെന്നായിരുന്നു വി സിയുടെ വാദം.


എന്നാല്‍ കോടതി ആ വാദം അംഗീകരിച്ചില്ല. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം സിന്‍ഡിക്കേറ്റിനല്ലേ എന്ന് കോടതി ചോദിച്ചു. വൈസ് ചാന്‍സലര്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് എന്ത് അധികാരമുപയോഗിച്ചാണ്. 

സിന്‍ഡിക്കേറ്റ് മുകളിലല്ല വിസിയുടെ അധികാരം എന്നും കോടതി പറഞ്ഞു. സിന്‍ഡിക്കേറ്റിനു വേണ്ടിയാണ് വി സി സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇറക്കുന്നത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കിയാല്‍ എല്ലാ അവസാനിച്ചുവല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റ് അവര്‍ക്കുള്ള അധികാരം ഉപയോഗിച്ചാണെന്ന് കോടതി ഓര്‍മിപ്പിച്ചു . സസ്‌പെന്‍ഷന്‍ വിവരം സിന്‍ഡിക്കേറ്റിനെ അറിയിച്ചാല്‍ വി സി യുടെ ഉത്തരവാദിത്വം പൂര്‍ത്തിയായി. 

തുടര്‍ തീരുമാനമെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിന് തന്നെയാണെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ചിലര്‍ക്ക് വാശിയാണെന്നും വാദങ്ങള്‍ വസ്തുനിഷ്ഠം അല്ലെന്നും കോടതി വിമര്‍ശിച്ചു. കൂടുതല്‍ വാദത്തിനായി ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി

Tags

Share this story

From Around the Web