യേശുവിന്റെ സന്ദേശം സാര്‍വത്രിക ലോകത്തിന് വേണ്ടിയുള്ളതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍
ന്യൂഡല്‍ഹി: യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലോകം മുഴുവന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. ഇന്നലെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍വെച്ചു നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സമാധാനവും ഐക്യവും സ്ഥാപിക്കാന്‍ ലോകത്തിലേക്ക് വന്ന കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തിലും പ്രബോധനങ്ങളിലുമാണ് ക്രിസ്തീയതയുടെ സത്ത സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
യേശുവിന്റെ സന്ദേശം സാര്‍വത്രിക ലോകത്തിന് വേണ്ടിയുള്ളതാണ്. അനുകമ്പ, പരസ്പര ബഹുമാനം, ഓരോ മനുഷ്യന്റെയും അന്തസ്സ് എന്നിവ ഭാരതത്തിന്റെ മൂല്യങ്ങളെ ശക്തമായി പ്രതിധ്വനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ ഭിന്നതകളും സംഘര്‍ഷങ്ങളും നേരിടുന്ന സമകാലിക കാലത്ത് അത്തരം മൂല്യങ്ങള്‍ പ്രത്യേകിച്ചും പ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. ഔപചാരിക പരിപാടിക്ക് മുമ്പ്, ഉപരാഷ്ട്രപതി മറ്റ് വിശിഷ്ട വ്യക്തികളോടൊപ്പം പുല്‍ക്കൂട് സന്ദര്‍ശിക്കുകയും ഉണ്ണിയേശുവിന് ആദരവ് അര്‍പ്പിക്കുകയും ചെയ്തു.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് വിശിഷ്ടാതിഥിയായിരുന്നു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഇന്ത്യയിലെ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ഡോ ജിറേല്ലി, സിബിസിഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് അന്തോണിസാമി, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. മാത്യു കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദ്ദിനാളുമാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ആന്റണി പൂള, സീറോമലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, എംപിമാരായ ശശി തരൂര്‍, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, മുന്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, അല്‍ഫോന്‍സ് കണ്ണന്താനം, പ്രഫ. കെ.വി. തോമസ്, റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫ്, വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ്, അംബാസഡര്‍മാര്‍, കേന്ദ്ര റവന്യു ഡയറക്ടര്‍ മനു വെട്ടിക്കല്‍, ഷോണ്‍ ജോര്‍ജ്, നോബിള്‍ മാത്യു, വര്‍ഗീസ് മൂലന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.