വഖഫ് നിയമ ഭേദഗതി:സുപ്രീംകോടതിയുടെ വിധി ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ച വലിയ പ്രതീക്ഷ. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നാണ് വിധി ഉണ്ടായതെന്നും പി കെ കുഞ്ഞാലിക്കുട്ടി

 
kunjaliktty

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയില്‍ സുപ്രീംകോടതി ഭാഗികമായി സ്റ്റേ പുറപ്പെടുവിപ്പിച്ചതില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. 


സുപ്രീംകോടതിയുടെ വിധി ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ച വലിയ പ്രതീക്ഷയാണെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നാണ് വിധി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭൂമിയില്‍ മേലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. പല ഏകാധിപത്യ വശങ്ങളും വിധിയോടുകൂടി ഇല്ലാതായിരിക്കുകയാണ്. മൗലിക അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധിയെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ഉണ്ടെന്ന് കരുതി അടിസ്ഥാന സ്വഭാവങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കഴിയില്ല. അന്തിമ വിധിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാകും. വിഷയത്തിലെ ആശങ്ക ഒഴിഞ്ഞുമാറിയിരിക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസ് എടുത്ത തീരുമാനമാണ് യുഡിഎഫ് ഉയര്‍ത്തിപ്പിടിക്കുക. കോണ്‍ഗ്രസ് അവരുടെ സംഘടനാ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. 

അതില്‍ ഒരു നിലപാട് യുഡിഎഫ് എടുക്കേണ്ടതില്ല. യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ മാത്രം നിലപാട് പറഞ്ഞാല്‍ മതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വഖഫ് നിയമ ഭേദഗതികള്‍ക്ക് സുപ്രീം കോടതി ഭാഗിക സ്റ്റേ നല്‍കിയിരുന്നു. വഖഫ് നല്‍കണമെങ്കില്‍ അഞ്ചുവര്‍ഷം മുസ്ലിമായിരിക്കണമെന്ന വ്യവസ്ഥ കോടതി സ്റ്റേ ചെയ്തു. 

വഖഫില്‍ തല്‍സ്ഥിതി തുടരണമെന്നും ചീഫ്. ജെസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി കൊണ്ടുവന്ന വഖഫ്‌ഭേദഗതി ബില്ലിന് ഭാഗിക സ്റ്റെ നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. 

വഖഫ് നല്‍കണമെങ്കില്‍ അഞ്ചുവര്‍ഷം മുസ്ലിമായിരിക്കണം എന്ന വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്തു. മതവിശ്വാസിയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വകുപ്പ് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുമെന്നാണ് സുപ്രീംകോടതി നിരീക്ഷണം.

സ്വത്തു തര്‍ക്കത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ജില്ലാ കളക്ടറുടെ അധികാരത്തിനും സുപ്രീം കോടതി സ്റ്റേ നല്‍കി. പൗരന്മാരുടെ അവകാശത്തില്‍ കളക്ടര്‍മാര്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവില്ലെന്ന നിരീക്ഷണത്തിലാണ് ഉത്തരവ്.

വഖഫ് ബോര്‍ഡിലും കൗണ്‍സിലിലും മുസ്ലിം ഭൂരിപക്ഷം വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ബോര്‍ഡില്‍ മൂന്നും നാഷണല്‍ കൗണ്‍സില്‍ നാലും അമുസ്ലിങ്ങള്‍ മാത്രമേ പാടുള്ളൂ എന്നാണ് കോടതിയുടെ ഉത്തരവ്. ബോര്‍ഡ് സിഇഒ മുസ്ലിമായിരിക്കണം എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. നിയമത്തിലെ ഭരണഘടന സാധ്യത പരിശോധിച്ച ശേഷം ആയിരിക്കും അന്തിമ വിധിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
 

Tags

Share this story

From Around the Web