സര്‍വീസിനായി നല്‍കിയ വാഹനം നന്നാക്കി നല്‍കിയില്ല. പ്രതിഷേധമറിയിച്ച് ഓല ഷോറൂമില്‍ നിന്ന് പുതിയ സ്‌കൂട്ടറുമായി തോട്ടക്കാട് പള്ളി വികാരി മടങ്ങി
കോട്ടയം: സര്‍വീസിനായി നല്‍കിയ വാഹനം നന്നാക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓല ഷോറൂമില്‍ നിന്ന് പുതിയ സ്‌കൂട്ടറുമായി ഉപഭോക്താവ് മടങ്ങി. തോട്ടക്കാട് പള്ളി വികാരിയായ ജോണ്‍സ് എബ്രഹാമാണ് വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചത്.
കോട്ടയം മണിപ്പുഴയിലുള്ള ഓല ഷോറൂമില്‍ നിന്നാണ് അച്ചന്‍ പുതിയ വാഹനം എടുത്തുകൊണ്ടുപോയത്. ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ വാഹനം സര്‍വീസിന് നല്‍കിയ ശേഷം ഫാ. ജോണ്‍സിന് തിരികെ ലഭിച്ചിരുന്നില്ല. മാത്രമല്ല, കൃത്യമായ സ്‌പെയര്‍ പാര്‍ട്‌സുകളും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായാണ് വികാരിയുടെ നടപടി.
ഷോറൂമിലെത്തിയ വികാരി ജീവനക്കാരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും സര്‍വീസിനായി നല്‍കിയ സ്വന്തം വാഹനം മടക്കി നല്‍കുമ്പോള്‍ പുതിയ സ്‌കൂട്ടര്‍ തിരിച്ചേല്‍പ്പിക്കാമെന്നും വ്യക്തമാക്കുകയായിരുന്നു. തനിക്ക് നേരിട്ട നഷ്ടത്തില്‍ പ്രതിഷേധ സൂചകമായി മാത്രമാണ് വാഹനം ഈടായി എടുത്തുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓല ഉപഭോക്താക്കള്‍ സര്‍വീസിലെ പോരായ്മകള്‍ക്കെതിരെ മുന്‍പും ശക്തമായി പ്രതിഷേധിക്കുകയും മോട്ടോര്‍ വാഹന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.