ലോകത്തില്‍ യുദ്ധത്തിന് വേണ്ടിയുള്ള ആയുധമത്സരം ആശങ്കയുണര്‍ത്തുന്നുവെന്ന് വത്തിക്കാന്‍

 
GABRIYELE KACHA



വത്തിക്കാന്‍:സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി മന്ദഗതിയിലാകുമ്പോള്‍ 2024ല്‍ സൈനിക ചെലവ് 2 ലക്ഷത്തി 700000 (2.7  ട്രില്യണ്‍) ഡോളറിലെത്തിയത് അംഗീകരിക്കാനാവില്ലയെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഗബ്രിയെലെ കാച്ച.

അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസംഘടനയുടെ എണ്‍പതാമത് പൊതുയോഗത്തിന്റെ പ്രഥമ സമതിയുടെ ചര്‍ച്ചയില്‍ നിരായുധീകരണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് കാച്ച.

ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകള്‍ അണുബോംബിട്ട് തകര്‍ത്തതിന്റെയും രണ്ടാം ലോകയുദ്ധാന്ത്യത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ സ്ഥാപനത്തിന്റെയും  80 വര്‍ഷങ്ങള്‍ പിന്നിട്ട ഒരു വേളയിലാണ് നാം എന്ന് അനുസ്മരിക്കുന്ന അദ്ദേഹം യുദ്ധത്തിന്റെ വിപത്തില്‍ നിന്ന് മാനവരാശിയെ രക്ഷിക്കുന്നതിനായി വളരെ ശ്രദ്ധാപൂര്‍വ്വം കെട്ടിപ്പടുത്ത നയതന്ത്രജ്ഞതയുടെയും ബഹുമുഖത്വത്തിന്റെയും ചൈതന്യത്തിനുമേല്‍ പ്രശ്‌നപരിഹൃതിയുടെ മാര്‍ഗ്ഗമെന്നോണം, ബലത്തിന്റെയും ഭയത്തിന്റെയും അപകടകരമായ പുനരുജ്ജീവനം കരിനിഴല്‍ പരത്തുന്നുവെന്ന് ആശങ്കപ്രകടിപ്പിക്കുന്നു.

അതിവിനാശകരമായ ശേഷിയുള്ള സൈനിക സംവിധാനങ്ങളില്‍ കൃത്രിമബുദ്ധിയെ സംയോജിപ്പിക്കല്‍, ബഹിരാകാശം, മിസൈല്‍ പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക് മത്സരം വ്യാപിപ്പിക്കല്‍ എന്നിവയാല്‍ മുദ്രിതമായ നൂതനമായൊരു ആയുധമത്സരത്തിന്റെ ആവിര്‍ഭാവം ഉപരി അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും ഈ സംഭവവികാസങ്ങള്‍ മനുഷ്യരാശിക്ക് അഭൂതപൂര്‍വ്വമായ അപകടമാണ് സൃഷ്ടിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് കാച്ച മുന്നറിയേപ്പേകുന്നു.

അണുവായുധപരമായ പ്രതിരോധത്തിന്റെതായ മിഥ്യാധാരണയുടെ യുക്തിക്കപ്പുറം കടന്ന് സംഭാഷണത്തിന്റെയും സമഗ്ര നിരായുധീകരണത്തിന്റെയും പാത സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ആണവായുധങ്ങളുടെ വ്യാപനം, ശേഖരണം എന്നിവ അതിശക്തം നിരസിക്കണമെന്ന് ധാര്‍മ്മിക ഉത്തരവാദിത്വം നമ്മോടാവശ്യപ്പെടുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു.

കാരണം, അവയുടെ ഉപയോഗത്തിന്റെ വിനാശകരമായ മാനവിക പ്രത്യാഘാതങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമോ തലമുറസംബന്ധിയോ ആയ അതിരുകള്‍ ഉണ്ടായിരിക്കില്ലയെന്നും ആര്‍ച്ചുബിഷപ്പ് കാച്ച പറയുന്നു. 

സമൂലനാശം വിതയ്ക്കുന്ന ആയുധങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയോടൊപ്പാം പരമ്പരാഗത ആയുധങ്ങളുടെ വ്യാപകമായ ഉപയോഗവും വ്യാപനവും ഉയര്‍ത്തുന്ന വെല്ലുവിളികളും ഗുരുതരമാണെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു.
 

Tags

Share this story

From Around the Web