ശാശ്വത സമാധാനത്തിന് ആവശ്യമായ അടിസ്ഥാന വ്യവസ്ഥകൾ പരിഗണിക്കണം വത്തിക്കാൻ

 
Vatican

അന്താരാഷ്ട്ര സുരക്ഷക്ക്, ഏറെ ഭീഷണികളും, സമ്മർദവും ഉയരുന്ന ഒരു കാലഘട്ടത്തിൽ, ശാശ്വത സമാധാനത്തിന് ആവശ്യമായ അടിസ്ഥാന വ്യവസ്ഥകൾ പരിഗണിക്കേണ്ടത് ഏറെ ആവശ്യമെന്നു എടുത്തുപറഞ്ഞുകൊണ്ട്, ആണവായുധ നിർവ്യാപനം സംബന്ധിച്ച ഉടമ്പടിയുടെ XI അവലോകന സമ്മേളനത്തോടനുബന്ധിച്ച്, ന്യൂയോർക്ക് ആസ്ഥാനമായുള്ള, ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യം, മെയിൻ കമ്മിറ്റി I-ന് പ്രസ്താവന സമർപ്പിച്ചു.

സമാധാനം ജീവിക്കുകയും, വളർത്തുകയും, സംരക്ഷിക്കുകയും ചെയ്യുന്ന ഒരു യാഥാർഥ്യമായി മാറാത്ത  സാഹചര്യത്തിൽ, ആക്രമണങ്ങൾ, ഗാർഹിക  ജീവിതത്തിലേക്കും, പൊതുജീവിതത്തിലേക്കും വ്യാപിക്കുമെന്ന ലിയോ പതിനാലാമൻ പാപ്പായുടെ മുന്നറിയിപ്പും പ്രസ്താവനയിൽ അടിവരയിട്ടു പറഞ്ഞു.  നിയമാനുസൃതമായ പ്രതിരോധം എന്ന തത്വത്തിനപ്പുറം, സംഘർഷങ്ങളുടെ യുക്തിയാണ് ഇന്ന് ആഗോള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്നതെന്നും പ്രസ്താവനയിൽ  ചൂണ്ടിക്കാട്ടി.

ആണവ നിരായുധീകരണം മറികടക്കാൻ ശ്രമിക്കുന്നത് സമാധാനത്തിന് സുസ്ഥിരമോ ശാശ്വതമോ ആയ അടിത്തറ നൽകുന്നില്ലെന്നും, ഇത്തരം പ്രവണതകൾ, മനുഷ്യന്റെ ആവശ്യങ്ങളിൽ നിന്നും സുസ്ഥിര വികസനത്തിൽ നിന്നും ഗണ്യമായ വിഭവങ്ങളെ വഴിതിരിച്ചുവിടുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. ദീർഘകാലമായി നിലനിൽക്കുന്ന ആയുധ നിയന്ത്രണ, നിരായുധീകരണ കരാറുകളുടെ ശോഷണം ഈ ആശങ്കകൾ കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്ന മുന്നറിയിപ്പും പ്രസ്താവന നൽകി.

ആണവായുധങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക എന്നത് വിദൂരമായ ഒരു അഭിലാഷമല്ല, മറിച്ച് കൂടുതൽ നീതിയുക്തവും സുരക്ഷിതവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് മൂർത്തവും വിശ്വസനീയവുമായ നടപടികൾ ആവശ്യപ്പെടുന്ന അനിവാര്യമായ ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ പറയുന്നു.

നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ഉയർന്നുവരുന്ന സാങ്കേതിക  വിദ്യകൾ  ആണവ സംവിധാനങ്ങളായി ദ്രുതഗതിയിൽ  സംയോജിപ്പിക്കുന്നത് അഗാധമായ ധാർമ്മികവും സുരക്ഷാപരവുമായ ആശങ്കകൾ ഉയർത്തുന്നുവെന്നും, അതിനാൽ, ആണവായുധങ്ങളുമായി ബന്ധപ്പെട്ട് അത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗം നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ആണവായുധ ഉപയോഗത്തിന്റെ വിനാശകരമായ മാനുഷികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ എപ്പോഴും ചർച്ചകൾക്ക് വിഷയീഭവിക്കണമെന്നും, ആണവായുധങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് അത്യാവശ്യവും പൂരകവുമായ പാത കെട്ടിപ്പടുക്കുന്നതിന് ആണവായുധ നിരോധന ഉടമ്പടിയിൽ പങ്കുചേരുവാൻ പരിശുദ്ധ സിംഹാസനം എല്ലാ രാഷ്ട്രങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags

Share this story

From Around the Web