ലെയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള വീഡിയോ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

 
leo papa



വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള വീഡിയോ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. 

ലോക ജനസംഖ്യയുടെ പകുതിയോളം നഗരങ്ങളില്‍ താമസിക്കുന്ന ഇക്കാലത്ത്, ആരും അവഗണിക്കപ്പെട്ടും തഴയപ്പെട്ടും പോകാതിരിക്കാന്‍ വേണ്ടി, ചേര്‍ത്തുപിടിക്കലിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം കൂടുതല്‍ പരക്കാന്‍ വേണ്ടി ''നഗരങ്ങള്‍ സുവിശേഷവത്കരിക്കപ്പെടട്ടെയെന്ന'' ആഹ്വാനത്തോടെയാണ് പാപ്പയുടെ പ്രാര്‍ത്ഥന ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ.

നഗരപ്രാന്തങ്ങളില്‍ കൈത്താങ്ങേകുവാന്‍ കഴിവുള്ളതും, ഏകാന്തതയില്‍ ആശ്വാസം പകരുന്നതും നിസംഗത വാഴുന്നയിടത്ത് സാഹോദര്യം വിതയ്ക്കുന്നതും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതുമായ ഒരു സഭയായി ഞങ്ങളെ മാറ്റേണമേയെന്ന പ്രാര്‍ത്ഥന പാപ്പ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. 

സ്വാതന്ത്ര്യത്തിന്റെയും അവസരങ്ങളുടെയും സ്ഥലങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങള്‍ അജ്ഞാതത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും ഇടങ്ങളായി മാറാനുള്ള പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, തന്റെ പേരിലുള്ള പ്രാര്‍ത്ഥനാശൃംഖലയിലൂടെയും, പാപ്പായ്ക്കൊപ്പം പ്രാര്‍ത്ഥിക്കാം എന്ന ക്യാമ്പയ്നിലൂടെയും വിശ്വാസികളും സന്മനസ്സുള്ളവരുമായ ഏവരെയും തന്റെ പ്രാര്‍ത്ഥനാനിയോഗത്തില്‍ പങ്കുചേരാന്‍ ക്ഷണിച്ചു.

 വീഡിയോ സന്ദേശത്തിലെ പാപ്പയുടെ പ്രാര്‍ത്ഥന ഇങ്ങനെ;

കര്‍ത്താവായ യേശുവേ, നല്ല ഇടയനേ, നീ ഞങ്ങളുടെ തെരുവുകളിലും ചത്വരങ്ങളിലും കൂടി നടക്കുന്നുണ്ട്, ഞങ്ങളുടെ ഏറ്റവും വിശിഷ്ടമായ കെട്ടിടങ്ങളിലും ഏറ്റവും പിന്നോക്കപ്രദേശങ്ങളിലും നീ പ്രവേശിക്കുന്നു, ശബ്ദകോലാഹലങ്ങള്‍ക്കും തിരക്കിനും ഇടയില്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന ദശലക്ഷക്കണക്കിന് ആളുകളെ നീ നിശബ്ദമായി അനുഗമിക്കുന്നു. 

കര്‍ത്താവേ, നഗരത്തിന്റെ ഹൃദയവും, അതിന്റെ നിഴലുകളും വെളിച്ചങ്ങളും ഏകാന്തതയും, അതിന്റെ ശബ്ദകോലാഹലങ്ങളും ഏകാന്തതയും നീ അറിയുന്നു.

നഗരങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും അവസരത്തിന്റെയും സ്ഥലങ്ങളാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ അവയ്ക്ക് അജ്ഞാതത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും ഇടങ്ങളാകാനും കഴിയും. 

ഇക്കാരണത്താല്‍, നഗരജീവിതത്തില്‍ നിന്റെ സുവിശേഷം പ്രഘോഷിക്കാനുള്ള ഫലഭൂയിഷ്ഠമായ മണ്ണ് കണ്ടെത്താന്‍ കഴിവുള്ള പുതിയൊരു കാഴ്ചപ്പാടിനായി നിന്നോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

 വാക്കുകളിലേക്ക് ഒതുങ്ങാത്തതും, ലളിതവും സാമീപ്യത്തിന്റെതുമായ പ്രവര്‍ത്തനങ്ങളില്‍ യാഥാര്‍ത്ഥ്യമാകുന്ന, ക്രിയാത്മകവും ആഴമേറിയതുമായ ഒരു വിശ്വാസം ഞങ്ങള്‍ക്ക് നല്‍കണമേ.

നഗരപ്രാന്തങ്ങളില്‍ കൈത്താങ്ങേകുവാന്‍ കഴിവുള്ളതും, ഏകാന്തതയില്‍ ആശ്വാസം പകരുന്നതും നിസംഗത വാഴുന്നയിടത്ത് സാഹോദര്യം വിതയ്ക്കുന്നതും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതുമായ ഒരു സഭയായി ഞങ്ങളെ മാറ്റേണമേ. 

കര്‍ത്താവെ, ഞങ്ങളുടെ നാഗരികസമൂഹങ്ങളെ തുറന്നതും, മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതുമായ ഭവനങ്ങളും പ്രത്യാശ പങ്കിടുന്ന ഇടങ്ങളും ആരും തങ്ങള്‍ അവഗണിക്കപ്പെട്ടവരാണെന്ന് തോന്നാത്തയിടങ്ങളും, നിന്റെ നിരവധിയായ സഹോദരീസഹോദരങ്ങളുടെ മറഞ്ഞിരിക്കുന്ന ജീവിതങ്ങളെ നിന്റെ സുവിശേഷത്തിന്റെ ആനന്ദം പ്രകാശിപ്പിക്കുന്ന ഇടങ്ങളുമായി മാറ്റേണമേ. ജീവിതം കൊണ്ട് നഗരത്തില്‍ നിന്റെ സ്‌നേഹം പ്രഘോഷിക്കുന്ന, സധൈര്യരും സര്‍ഗ്ഗാത്മകരും, തിടുക്കത്തെയും ബഹളത്തെയും, അജ്ഞാതത്വത്തെയും മറികടക്കാന്‍ കഴിവുള്ളവരുമായ നിന്റെ സാക്ഷികളായി ഞങ്ങളെ മാറ്റണമേയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.
 

Tags

Share this story

From Around the Web