കർദിനാൾമാരുമായുള്ള മാർപാപ്പയുടെ കോൺസിസ്റ്ററി സമ്മേളനത്തിന്റെ സമയവിവരം പ്രസിദ്ധപ്പെടുത്തി വത്തിക്കാൻ
സഭയുടെയും ലോകത്തിന്റെയും നിലവിലെ സാഹചര്യം, സമാധാനശ്രമങ്ങൾ, സിനഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനായി ജൂൺ 26, 27 തീയതികളിൽ ലെയോ പതിനാലാമൻ മാർപാപ്പ കർദിനാൾമാരുടെ തിരുസംഘവുമായി അസാധാരണ കോൺസിസ്റ്ററി സമ്മേളനം നടത്തും. ഈ അസാധാരണ സമ്മേളനത്തിന്റെ സമയവിവരപ്പട്ടിക പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് പുറത്തുവിട്ടു.
ലോകത്തെ ബാധിച്ചിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചും സമാധാനവും അനുരഞ്ജനവും കെട്ടിപ്പടുക്കുന്നതിനായി സഭ എങ്ങനെയുള്ള ഭാഷയും നിലപാടുകളുമാണ് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ചും മാർപാപ്പയും കർദിനാൾമാരും ചർച്ച ചെയ്യും. ലെയോ മാർപാപ്പയുടെ പൊന്തിഫിക്കേറ്റിലെ രണ്ടാമത്തെ കോൺസിസ്റ്ററി സമ്മേളനമാണിത്. ലോകമെമ്പാടുമുള്ള 170 വോട്ടവകാശമുള്ളവരും അല്ലാത്തവരുമായ കർദിനാൾമാർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രാർഥന, മൗനം, വ്യക്തിപരമായ ചിന്തകൾ, ഗ്രൂപ്പ് ചർച്ചകൾ, പൊതുസമ്മേളനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ‘സിനഡൽ’ രീതിയിലായിരിക്കും സമ്മേളനം നടക്കുക. അതേസമയം, സഹോദരതുല്യമായ ആശയവിനിമയത്തിന്റെ അന്തരീക്ഷം നിലനിർത്തുന്നതിനായി, സമ്മേളനഹാളിൽ നടക്കുന്ന കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാനും മാധ്യമങ്ങൾക്ക് പ്രസ്താവനകൾ നൽകരുതെന്നും കർദിനാൾമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ 20 ഗ്രൂപ്പുകളായി തിരിക്കും. ഇതിൽ ഒൻപത് ഗ്രൂപ്പുകൾ വോട്ടവകാശമുള്ള രൂപതാ അധ്യക്ഷന്മാരായ കർദിനാൾമാർ, അപ്പസ്തോലിക് നുൺഷ്യോമാർ (വത്തിക്കാൻ സ്ഥാനപതികൾ), സേവനകാലം പൂർത്തിയാക്കിയ കർദിനാൾമാർ എന്നിവരടങ്ങുന്നതായിരിക്കും. ബാക്കി 11 ഗ്രൂപ്പുകളിൽ റോമൻ കൂരിയയിലെ വോട്ടവകാശമുള്ള കർദിനാൾമാരും വോട്ടവകാശമില്ലാത്ത കർദിനാൾമാരും ഉൾപ്പെടും. ഓരോ ഗ്രൂപ്പിനും ചർച്ചകൾ നിയന്ത്രിക്കാൻ ഒരു പ്രസിഡന്റും, ചർച്ചകളിലെ നിർദേശങ്ങൾ ക്രോഡീകരിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ ഒരു സെക്രട്ടറിയും ഉണ്ടായിരിക്കും.
ജൂൺ 26 വെള്ളിയാഴ്ച വി. പത്രോസിന്റെ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ കോൺസിസ്റ്ററിക്ക് തുടക്കമാകും. തുടർന്ന് കർദിനാൾമാർ പോൾ ആറാമൻ ഹാളിലേക്ക് മാറും. ‘വേനി ക്രിയേറ്റർ സ്പിരിറ്റസ്’ എന്ന പ്രാർഥനാഗാനത്തോടെയും കർദിനാൾസംഘത്തിന്റെ ഡീൻ ആയ കർദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റെയുടെ പ്രസംഗത്തോടെയും മാർപാപ്പയുടെ ആമുഖപ്രഭാഷണത്തോടെയും ആദ്യ സെഷൻ ആരംഭിക്കും. ക്രാക്കോവിലെ ആർച്ച്ബിഷപ്പ് കർദിനാൾ ഗ്രസെഗോർസ് റൈസ് ബൈബിൾ ധ്യാനം നയിക്കും. തുടർന്ന് മൗനം, പ്രാർഥന, ഗ്രൂപ്പ് ചർച്ചകൾ, പൊതുസമ്മേളനത്തിലെ റിപ്പോർട്ട് സമർപ്പണം എന്നിവ ഉണ്ടാകും.
ജൂൺ 26 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന രണ്ടാമത്തെ സെഷനിൽ ‘അധികാരത്തിന്റെ സംസ്കാരവും സ്നേഹത്തിന്റെ നാഗരികതയും’ എന്ന വിഷയം ചർച്ച ചെയ്യും. വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആയ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന രേഖയുടെ അഞ്ചാം അധ്യായത്തെ ആസ്പദമാക്കി വിഷയം അവതരിപ്പിക്കും. ജൂൺ 27 ശനിയാഴ്ച രാവിലെ, കർദിനാൾ റെയുടെ മുഖ്യകാർമ്മികത്വത്തിൽ വി. പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം കർദിനാൾമാർ പോൾ ആറാമൻ ഹാളിൽ ചർച്ചകൾ പുനരാരംഭിക്കും.
“നന്മയിൽ കെട്ടിപ്പടുക്കുക: നമ്മുടെ കാലഘട്ടത്തിന്റെ പ്രവർത്തനമേഖലകൾ” എന്ന പേരിലുള്ള മൂന്നാമത്തെ സെഷൻ ജോഹന്നാസ്ബർഗ് ആർച്ച്ബിഷപ്പും സതേൺ ആഫ്രിക്കൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റുമായ കർദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ അവതരിപ്പിക്കും. പൊതുനന്മ കെട്ടിപ്പടുക്കുന്നതിന് തടസ്സമാകുന്ന പ്രതിസന്ധികൾ, ജനങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നും ഉയർന്നുവരുന്ന ചോദ്യങ്ങൾ, പ്രാദേശികസഭകൾക്കും ആഗോള സഭയ്ക്കും നൽകാൻ കഴിയുന്ന പിന്തുണ എന്നിവയെക്കുറിച്ചായിരിക്കും ചർച്ച.
നാലാമത്തെയും അവസാനത്തെയും സെഷൻ ജൂൺ 27 ഉച്ചകഴിഞ്ഞ് പുതിയ സിനഡ് ഹാളിൽ നടക്കും. ഇത് ‘സിനഡ് തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള വഴി’ എന്ന വിഷയത്തിനായി നീക്കിവച്ചിരിക്കുന്നു. സിനഡിന്റെ ജനറൽ സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെക് ‘സിനഡൽ അസംബ്ലികൾ 2027-2028 ലേക്ക്: ഒരുക്കത്തിനായുള്ള ഘട്ടങ്ങളും മാനദണ്ഡങ്ങളും ഉപാധികളും’ എന്ന രേഖയെ അടിസ്ഥാനമാക്കി വിഷയം അവതരിപ്പിക്കും.
ഈ സെഷനിൽ സംശയനിവാരണങ്ങൾ, ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള സംവാദം, പരമാവധി മൂന്ന് മിനിറ്റ് നീളുന്ന സ്വതന്ത്രപ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരിക്കും. മാർപാപ്പയുടെ സമാപനപ്രസംഗത്തോടെ കോൺസിസ്റ്ററി അവസാനിക്കും. തുടർന്ന് ‘തേ ദേവൂം’ (Te Deum) സ്തോത്രഗീതാലാപനവും പോൾ ആറാമൻ ഹാളിൽ മാർപാപ്പയോടൊപ്പമുള്ള അത്താഴവിരുന്നും ഉണ്ടായിരിക്കും.
ജൂൺ 29 തിങ്കളാഴ്ച, വിശുദ്ധ അപ്പസ്തോലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ വി. പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും.