ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍.
വിശുദ്ധ അഗതയുടെ തിരുശേഷിപ്പുകള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്ന് കത്താനിയയിലേക്ക് മാറ്റിയതിന്റെ ഒന്‍പതാം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇറ്റലിയിലെ സിസിലിയായില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തിനിടെ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
രക്തം ചിന്തിയുള്ളത് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ വിശ്വസ്തതയില്‍ ജീവിക്കുമ്പോഴുള്ള രക്തരഹിത രക്തസാക്ഷിത്വവും വിശ്വാസസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളിലും ദൈവത്തോടുള്ള വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന ദമ്പതികള്‍, മക്കളെ ക്രൈസ്തവ മൂല്യങ്ങളില്‍ വളര്‍ത്തുന്ന മാതാപിതാക്കള്‍, സത്യത്തിനും നീതിക്കും വേണ്ടി വിട്ടുവീഴ്ച ചെയ്യാത്തവര്‍, തങ്ങളുടെ ജീവിതം ഉദാരമായി ചെലവഴിക്കുന്ന വൈദികരും സമര്‍പ്പിതരും ഉള്‍പ്പെടെയുള്ളവരുടെ ജീവിതം ഈ ദൈനംദിന വിശുദ്ധിയുടെ ഉദാഹരണണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നല്‍കേണ്ടിവന്ന വിശുദ്ധയുടെ ജീവിത മാതൃക ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ സഹനങ്ങളിലൂടെ കടന്നുപോകുന്ന ഈ വിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തു.
ദൈവ വിശ്വാസത്തിന്റെ പേരിലും സുവിശേഷത്തിന്റെ പേരിലും പീഡനമനുഭവിക്കുന്ന അനേകം ക്രൈസ്തവര്‍ ലോകത്തുണ്ടെന്ന് അദ്ദേഹം സ്മരിച്ചു.
സിസിലിയില്‍ വിശുദ്ധ അഗതയുടെ പേരിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന അനുസ്മരണ ചടങ്ങിലും വിശുദ്ധയുടെ ജീവിതവും രക്തസാക്ഷിത്വവും ഇന്നത്തെ ക്രൈസ്തവര്‍ക്കും വിശ്വാസത്തിന്റെ ശക്തമായ പ്രചോദനമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അനുസ്മരിച്ചു.