യുദ്ധത്തില്‍ തകര്‍ന്ന വിശുദ്ധ നാടിനു വേണ്ടി സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ച് പൗരസ്ത്യ സഭകള്‍ക്കുള്ള വത്തിക്കാന്‍ ഡിക്കസ്റ്ററി

 
dcastry


വത്തിക്കാന്‍സിറ്റി: വിശുദ്ധ നാട്ടില്‍ അനുദിനം വര്‍ധിച്ചുവരുന്ന യുദ്ധ ഭീകരതയുടെ സാഹചര്യത്തില്‍, അന്നാട്ടിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, അവരെ സഹായിക്കുവാനും ലോകമെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങളെ ക്ഷണിച്ചുകൊണ്ട്, ദുഃഖവെള്ളിയാഴ്ച ദിവസം, പ്രത്യേകമായ ധനസമാഹരണം നടത്തുവാന്‍, പൗരസ്ത്യ സഭകള്‍ക്കുള്ള വത്തിക്കാന്‍ ഡിക്കസ്റ്ററി ഏവരെയും ആഹ്വാനം ചെയ്തു. 

കര്‍ത്താവായ യേശുവിന്റെ ജീവിതത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളെ വളരെക്കാലമായി കാത്തുപരിപാലിക്കുന്ന വിശുദ്ധ നാടിന്റെ  സംരക്ഷണത്തിന് ഈ ഒരു സഹായം ഏറെ ആവശ്യമാണെന്നും ഡികസ്റ്ററിയുടെ കത്തില്‍ പ്രത്യേകം പറയുന്നു.

വിശുദ്ധനാട്ടിലെ പല ക്രിസ്ത്യാനികള്‍ക്കും തീര്‍ത്ഥാടകരുടെ സാന്നിധ്യത്തെ ആശ്രയിച്ചുള്ള ജോലി ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടുവെന്നും, യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ട, സ്‌കൂളുകള്‍ വീണ്ടും തുറക്കാനും, പുതിയ വീടുകള്‍ നിര്‍മ്മിക്കാനും, അവരെ സഹായിക്കേണ്ടത്, സഹോദരങ്ങളെന്ന നിലയില്‍ ഏവരുടെയും ഉത്തരവാദിത്വമാണെന്നു, ഡിക്കസ്റ്ററി ചൂണ്ടിക്കാണിക്കുന്നു. 

ഇതേപ്പറ്റിയുള്ള അനുഭവങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുവാനും, ചിത്രങ്ങളുടെയും, മറ്റു വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ സാഹചര്യങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിക്കുവാനും, ലോകമെമ്പാടുമുള്ള അജപലകരെ ഡിക്കസ്റ്ററി ക്ഷണിക്കുന്നു.

വിശുദ്ധ നാട്ടില്‍ ഇല്ലാതാകുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ആശ്വാസ വാക്കുകള്‍ കൊണ്ട് മാത്രമല്ല, നമ്മുടെ പ്രത്യാശ നിറഞ്ഞ പ്രവൃത്തികള്‍ മൂലം സഹായിക്കണമെന്നും, ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകള്‍ എടുത്തു പറഞ്ഞുകൊണ്ട്, ഡിക്കസ്റ്ററി അടിവരയിട്ടു. 

ഇന്നും ധൈര്യപൂര്‍വം തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ചുകൊണ്ട്, വിശുദ്ധ നാട്ടില്‍ തങ്ങുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചതും ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലാവുദിയൊ ഗുജെറോത്തി, സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മൈക്കല്‍ ജലാഖ് എന്നിവര്‍ ഒപ്പിട്ട കത്തില്‍ അനുസ്മരിച്ചു.
 

Tags

Share this story

From Around the Web