വിദേശവിദ്യാര്‍ഥികളുടെ വിസാകാലയളവ് പരിമിതപ്പെടുത്താന്‍ യുഎസ് നീക്കം. താമസ സമയം നിയന്ത്രിക്കും

 
Trumph

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍, വിദേശ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വിസകാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി യുഎസ്.

നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍വന്നാല്‍ വിദേശവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു.

പുതിയ നിയമപ്രകാരം യുഎസില്‍ പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി തീരുന്നതുവരെമാത്രമേ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കുകയുള്ളൂ.

ഇത് നാലുവര്‍ഷത്തില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളില്‍ വിസ പുതുക്കേണ്ടിയും വരും.

എഫ്, ജെ വിസ ഉടമകള്‍ക്ക് അവരുടെ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം അനുസരിച്ച് പരമാവധി നാല് വര്‍ഷംവരെ താമസിക്കാന്‍ അനുവദിക്കും. ബിരുദതല എഫ് 1 വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിനിടയില്‍ പ്രോഗ്രാം മാറ്റുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.

പഠനം പൂര്‍ത്തിയാക്കിയ ശേഷം എഫ് 1 വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തില്‍നിന്ന് 30 ദിവസമായി കുറയ്ക്കും.

വിദേശത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസില്‍ പ്രവേശനം അനുവദിക്കുന്ന 'ഐ' വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും.

ഇവര്‍ക്ക് യുഎസില്‍നിന്നുകൊണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള കാലയളവ് 240 ദിവസത്തേക്ക് പരിമിതപ്പെടുത്താനാണ് പുതിയ നിയമം ശുപാര്‍ശചെയ്യുന്നത്.

എച്ച്1ബി വിസ പ്രോഗ്രാം, ഗ്രീന്‍ കാര്‍ഡുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നുവെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക് പറഞ്ഞതിന് പിന്നാലെയാണ്, വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള എഫ് 1, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍ക്കുള്ള ജെ 1 വിസകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

Tags

Share this story

From Around the Web