യുഎൻ മാനുഷിക സഹായത്തിനായി അമേരിക്ക 1.8 ബില്യൺ ഡോളർ കൂടി പ്രഖ്യാപിച്ചു
ആഗോളതലത്തിൽ വിദേശസഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനിടയിലും, ഐക്യരാഷ്ട്രസഭയുടെ മാനുഷിക സഹായ പ്രവർത്തനങ്ങൾക്കായി 1.8 ബില്യൺ ഡോളർ (ഏകദേശം 15,000 കോടി രൂപ) കൂടി അനുവദിച്ച് അമേരിക്ക.
പ്രകൃതിക്ഷോഭങ്ങൾ, പട്ടിണി എന്നിവ നേരിടുന്നവർക്കും അതീവ ഗുരുതരാവസ്ഥയിലുള്ളവർക്കുമായി ഈ തുക വിനിയോഗിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ഡിസംബറിൽ പ്രഖ്യാപിച്ച രണ്ട് ബില്യൺ ഡോളറിന് പുറമെയാണിത്. ഇതോടെ ഈ വർഷം യുഎൻ മാനുഷിക പരിപാടികൾക്കായി അമേരിക്ക നൽകുന്ന ആകെ തുക 3.8 ബില്യൺ ഡോളറായി ഉയർന്നു.
ലോകത്തെ 21 രാജ്യങ്ങളിലെ പ്രാദേശിക പദ്ധതികൾക്കും ദുർബല വിഭാഗങ്ങൾക്കുമാണ് ഈ തുക മുൻഗണന നൽകുന്നത്.
വിദേശസഹായങ്ങളിൽ വലിയ വെട്ടിക്കുറവ് വരുത്തുന്നുണ്ടെങ്കിലും, ലോകത്തെ ഏറ്റവും വലിയ മാനുഷിക സഹായ ദാതാവ് എന്ന പദവി അമേരിക്ക നിലനിർത്തുമെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു.
300 ദശലക്ഷം ആളുകൾക്ക് ലോകത്ത് മാനുഷിക സഹായം ആവശ്യമുണ്ടെങ്കിലും, ഫണ്ടിന്റെ അഭാവം മൂലം വെറും 87 ദശലക്ഷം പേരിലേക്ക് മാത്രമേ സഹായം എത്തിക്കാൻ സാധിക്കുന്നുള്ളൂ എന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ പറഞ്ഞു.
അമേരിക്കയുടെ പുതിയ സഹായത്തെ അദ്ദേഹം സ്വാഗതം ചെയ്തെങ്കിലും, ആകെ ആവശ്യമായ 23 ബില്യൺ ഡോളറിലേക്ക് എത്താൻ ഇനിയും വലിയ തുക ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.