സുഡാനിലെ അല്‍-ഉബൈദ് നഗരത്തില്‍ ജനജീവിതം ദുരിതത്തിലെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്
സുഡാന്‍: സുഡാനിലെ അല്‍-ഉബൈദ് നഗരത്തില്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ കൂട്ടപലായനവും കടുത്ത ഭക്ഷപ്രതിസന്ധിയും സ്ഥിതിഗതികള്‍ അതീവ വഷളാക്കിയതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം ഉണ്ടായ കടുത്ത അക്രമങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ഇവിടെയുള്ളതെന്ന് ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ വ്യക്തമാക്കി.
യുദ്ധത്തെ തുടര്‍ന്ന് മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ തടിച്ചുകൂടിയതോടെ നഗരത്തിലെ ജനസംഖ്യ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.
നിലവില്‍ നഗരത്തില്‍ ഭക്ഷണക്ഷാമവും കുടിവെള്ളക്ഷാമവും ഇന്ധനക്ഷാമവും അനുഭവപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സുഡാന്‍ ഡയറക്ടര്‍ അബ്ദുള്ള അല്‍വര്‍ദത്ത് നേരിട്ട് സന്ദര്‍ശിച്ച ശേഷം അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ മാത്രം 120,000-ലധികം ആളുകള്‍ വളരെ ദയനീയമായ സാഹചര്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.
എന്നാല്‍ ആവശ്യത്തിന് ഭക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ എത്തുന്നവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കൃത്യമായി സഹായം എത്തിക്കാന്‍ സാധിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഡാന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ 2023 ഏപ്രില്‍ മുതല്‍ തുടരുന്ന ഈ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ രണ്ട് ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൂടാതെ ഒരു കോടിയിലധികം ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിപ്പോകേണ്ടി വരികയും ചെയ്തു. വരും ദിവസങ്ങളില്‍ സാഹചര്യം അനുകൂലമായാല്‍ 250,000-ലധികം ആളുകളിലേക്ക് സഹായം എത്തിക്കാന്‍ കൂടുതല്‍ റേഷന്‍ ശേഖരം ഒരുക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.