നൈജീരിയായിലെ ക്രൈസ്തവ വംശഹത്യയില്‍ ഒടുവില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയും
അബൂജ: നൈജീരിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ബാധിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയും. രാജ്യത്തു അരങ്ങേറുന്ന കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ലൈംഗിക അതിക്രമങ്ങൾ, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം, തിരോധാനം എന്നിവയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസാണ് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്നിവയുൾപ്പെടെയുള്ള സായുധ തീവ്രവാദ ഗ്രൂപ്പുകൾ വടക്കൻ നൈജീരിയയുടെ ചില ഭാഗങ്ങളിൽ സജീവമായി തുടരുകയാണെന്നു ജൂൺ 8ന് യുഎൻ വിദഗ്ധർ പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും സ്കൂളുകളിൽ നിന്നും തട്ടിക്കൊണ്ടുപോകൽ, ലൈംഗീക അതിക്രമം, ദീർഘകാല തടവ്, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവ ഉൾപ്പെടെയുള്ള ദുരുപയോഗത്തിന്റെ വിവിധ തലങ്ങള്‍ നൈജീരിയായില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ടെന്നു യുഎന്‍ ചൂണ്ടിക്കാട്ടി.
വടക്കൻ, മിഡിൽ ബെൽറ്റ് മേഖലകളിലെ ക്രൈസ്തവരെയും മറ്റ് മത ന്യൂനപക്ഷ സമൂഹങ്ങളെയും ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്നും ഐക്യരാഷ്ട്ര സഭ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ ക്യാമ്പുകളിലെ കുടിയിറക്കപ്പെട്ട സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ഉയർന്ന അപകടസാധ്യത പ്രസ്താവനയില്‍ എടുത്തുകാണിക്കുന്നുണ്ട്.
അവിടെ ഭക്ഷണം, പാർപ്പിടം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ചൂഷണം നേരിടുന്നതായി റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്. സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പ്രത്യേകം ലക്ഷ്യംവച്ചുള്ള ആക്രമണം ഒഴിവാക്കാൻ കുടിയിറക്കപ്പെട്ട ചില ആളുകൾ അവരുടെ വിശ്വാസപരമായ വ്യക്തിത്വം മറച്ചുവെക്കുന്നുണ്ടെന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരത്തില്‍ കഴിയുന്നവര്‍ ക്രൈസ്തവരാണെന്നുള്ള പരോക്ഷ സൂചനയാണ് യുഎന്നിന്റെ പ്രസ്താവനയില്‍ നല്‍കുന്നത്. ദീര്‍ഘകാലമായി നൈജീരിയായില്‍നടക്കുന്ന ക്രൈസ്തവ വംശഹത്യയില്‍ യുഎന്‍ നിശബ്ദത പാലിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരിന്നു.