വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം യുവജനങ്ങളുടെ ജൂബിലിക്കായി റോമിലെത്തിക്കും

റോം: ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം റോമിലെത്തിക്കും.
ടൂറിനിലുള്ള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതപേടകം റോമിലെ സാന്താ മരിയ സോപ്ര മിനര്‍വയിലെ ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാന്റെ ജൂബിലി ഓഫീസ് വ്യക്തമാക്കി.
സെപ്റ്റംബര്‍ 7-നാണ്് ലിയോ 14 ാമന്‍ പാപ്പ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനൊപ്പം വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.
ഓഗസ്റ്റ് 4 വരെ റോമിലെ സാന്താ മരിയ സോപ്ര മിനര്‍വയിലെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന ഫ്രാസാറ്റിയുടെ ഭൗതികാവശിഷ്ടങ്ങള്‍ വണങ്ങുന്നതിനുള്ള അവസരമുണ്ടായിരിക്കും.
ഓഗസ്റ്റ് 3-ന് റോമിന്റെ തെക്കുകിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള ടോര്‍ വെര്‍ഗറ്റ യൂണിവേഴ്സിറ്റി കാമ്പസില്‍ നടക്കുന്ന യുവജനജൂബിലിയുടെ സമാപന ദിവ്യബലിക്ക് ലിയോ പാപ്പ കാര്‍മികത്വം വഹിക്കും.
1901-ല്‍ ടൂറിനിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഫ്രാസാറ്റി ജനിച്ചത്. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയും ദരിദ്രര്‍ക്ക് നല്‍കിയ സേവനത്തിലൂടെയും വിശ്വാസ ജീവിതത്തില്‍ വളര്‍ന്നുവന്ന അദ്ദേഹം ഡൊമിനിക്കന്‍ മൂന്നാംസഭയില്‍ അംഗമായി ചേര്‍ന്നു.
പര്‍വതാരോഹണം പോലുള്ള സാഹസികവിനോദങ്ങളില്‍ തല്‍പ്പരനായിരുന്നു ഫ്രാസാറ്റി. ആല്‍പൈന്‍ കൊടുമുടികള്‍ക്കൊപ്പം ടൂറിനിലെ ഏറ്റവും ദരിദ്രരായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തുകൊണ്ട് വിശുദ്ധിയുടെ കൊടുമുടികളും ഫ്രാസാറ്റി നടന്നുകയറി.
1925 ജൂലൈ 4-ന് പോളിയോ ബാധിച്ച് അന്തരിച്ച പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ മരണശതാബ്ദി വടക്കന്‍ ഇറ്റലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആചരിച്ചിരുന്നു. 1981-ല്‍ ഫ്രാസാറ്റിയുടെ നാമകരണനടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ മൃതപേടകം തുറന്നപ്പോഴാണ് അദ്ദേഹത്തിന്റെ ശരീരം അഴുകാത്തതായി, കണ്ടെത്തിയത്.