ക്രിസ്മസിനെ വരവേല്‍ക്കാന്‍ യുഎഇയും. വിവിധ എമിറേറ്റിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിപുലമായ ക്രിസ്മസ് ശുശ്രൂഷകളും
അബുദാബി: ക്രിസ്മസിനെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി. ഷോപ്പിങ് മാളുകള്‍ ആഴ്ചകള്‍ക്കു മുന്‍പു തന്നെ ക്രിസ്മസ് ആഘോഷത്തിലേക്കു മാറിയിരുന്നു. വീടുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ചെറുകിട ഷോപ്പുകള്‍ വരെ ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും വച്ച് അലങ്കരിച്ചിരിക്കുകയാണ്.
വിവിധ രൂപത്തിലും വലുപ്പത്തിലും നിറങ്ങളിലുമുള്ള നക്ഷത്രങ്ങള്‍, വര്‍ണവിളക്കുകള്‍, പുല്‍ക്കൂടുകള്‍, ബഹുവര്‍ണ പന്തുകള്‍, ബലൂണ്‍, തൊപ്പി, മെഴുകുതിരി, ചെറുതും വലുതുമായ കൃത്രിമ ട്രീ തുടങ്ങി അലങ്കാര വസ്തുക്കള്‍ ഉള്‍പ്പെടുത്തി പ്രത്യേക ക്രിസ്മസ് കോര്‍ണറും വിന്റര്‍ വില്ലേജും ഒരുക്കിയാണ് ഷോപ്പിങ് മാളുകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
കൂടാതെ ക്രിസ്മസ് കേക്ക്, ഭക്ഷണസാധനങ്ങള്‍, മധുരപലഹാരങ്ങള്‍, പുതുവസ്ത്രങ്ങള്‍ എന്നിവയും പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കാര്‍ഫോര്‍, സ്പിന്നീസ് തുടങ്ങിയ വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മുതല്‍ ചെറുകിട സ്ഥാപനങ്ങളില്‍ വരെ ക്രിസ്മസ് വിപണിക്കു പ്രത്യേക ഇടമൊരുക്കിയിട്ടുണ്ട്.
അബുദാബിയിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നത് യാസ് ഐലന്‍ഡിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡിലും എമിറേറ്റ്‌സ് പാലസിലുമാണ്. മഞ്ഞു വീഴ്ചയുടെ പ്രതീതി ജനിപ്പിക്കുന്ന സ്‌നോ പാര്‍ക്കുകള്‍, ക്രിസ്മസ് മാര്‍ക്കറ്റുകള്‍,സാന്താ ക്ലോസിന്റെ സാന്നിധ്യം എന്നിവയാണ് ആകര്‍ഷണം. അബുദാബി ഗ്രാന്റ് പ്രീ നടക്കുന്ന യാസ് മറീന സര്‍ക്കീറ്റിലും ക്രിസ്മസിനോടനുബന്ധിച്ചു പ്രത്യേക ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വിന്റര്‍ ഓണ്‍ ഇറ്റാലിയന്‍ സ്ട്രീറ്റ് എന്ന പേരില്‍ ഫെരാരി വേള്‍ഡിലും വലിയ ആഘോഷങ്ങളാണു നടന്നുവരുന്നത്. അല്‍ മര്‍യ ഐലന്‍ഡിലെ ഗലേറിയ മാളും ആഴ്ചകള്‍ക്കു മുന്‍പ് ക്രിസ്മസ് വര്‍ണത്തിലേക്കു മാറിയിരുന്നു. ക്രിസ്മസ് ഷോപ്പിങ്ങിനും സാന്താക്ലോസിനെ കാണുന്നതിനുമായി ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഇടമാണ് ഗലേറിയ മാള്‍.
ദുബായ് മാള്‍, മാള്‍ ഓഫ് ദ് എമിറേറ്റ്‌സ് തുടങ്ങി പ്രമുഖ മാളുകളിലെല്ലാം ക്രിസ്മസ് ഷോപ്പിങ്ങും ആഘോഷവും തകൃതി. യുഎഇയിലെ വിവിധ എമിറേറ്റിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിപുലമായ ക്രിസ്മസ് ശുശ്രൂഷകളും ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസിന്റെ വരവറിയിച്ചു കാരള്‍ സര്‍വീസ് ഈ മാസം ആദ്യവാരത്തില്‍ തുടങ്ങിയിരുന്നു. സന്ദര്‍ശനം ചിലയിടങ്ങളില്‍ ഇന്നും തുടരും.