ക്യാബിനറ്റ് പദവികള്‍ക്കായി ഘടകകക്ഷികളുടെ തമ്മിലടി; ആറാം ക്യാബിനറ്റ് റാങ്കിനായി മുറവിളി കൂട്ടി ലീഗും ജോസഫും; നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയായി നേതാക്കളുടെ അതൃപ്തി

 
0

തിരുവനന്തപുരം: യുഡിഎഫില്‍ അധികാര പദവികളുടെ വീതം വയ്പ് പൂര്‍ത്തിയാകാനിരിക്കെ ക്യാബിനറ്റ് പദവികള്‍ക്കായി സമ്മര്‍ദം ശക്തമാക്കി ഘടകകക്ഷികള്‍.

ആറാം ക്യാബിനറ്റ് പദവിക്കായി മുസ്ലിം ലീഗും മൂന്നാം ക്യാബിനറ്റ് പദവിക്കായി കേരള കോണ്‍ഗ്രസും നേതൃത്വത്തെ സമീപിച്ചിരിക്കയാണ്. 

അതിനിടെ കേരളത്തിലാകെ 500 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജനും ക്യാബിനറ്റ് റാങ്ക് ആവശ്യവുമായി രംഗത്തുണ്ട്.

മുന്‍ യുഡിഫ് സര്‍ക്കാരിലെ അഞ്ചാം മന്ത്രി സ്ഥാനം വിവാദമാകുകയും അത് പിന്നീട് യുഡിഎഫിനെ 10 വര്‍ഷം അധികാരത്തിന് പുറത്തിരുത്തുന്നതില്‍ ഒരു കാരണമായി മാറുകയും ചെയ്ത അനുഭവം മുമ്പിലുണ്ടായിട്ടും ഇത്തവണ ലീഗ് എല്ലാം വാരിക്കോരി കൊണ്ടുപോകാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിയാണുള്ളത്.

മുമ്പ് നാലായിരുന്ന മന്ത്രി വിഹിതമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ പാതിവഴിയില്‍ ലീഗ് അഞ്ചാക്കി ഉയര്‍ത്തിയത്. അതേ നിലയില്‍ ഇത്തവണയും 5 മന്ത്രിസ്ഥാനങ്ങള്‍ മുമ്പെ കൈക്കലാക്കി. 

ഇനി അതിനുപുറമെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനമാണ് ലീഗ് ആവശ്യപ്പെടുന്നത്. 

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്ന, പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയിലുള്ള ഡോ. എം.കെ മുനീറിനു വേണ്ടിയാണ് ഈ ആവശ്യം.

എം.കെ മുനീര്‍ മാന്യനും ജനപ്രിയനുമായ രാഷ്ട്രീയ നേതാവെന്നത് വസ്തുതയാണ്. പക്ഷേ അദ്ദേഹത്തെ പരിഗണിക്കേണ്ട ബാധ്യത ലീഗാണ് ഏറ്റെടുക്കേണ്ടത്. അത് കോണ്‍ഗ്രസിന്‍റെ ചിലവിലാകുന്നത് ഗുണം ചെയ്യില്ലെന്നാണ് നേതാക്കളുടെ നിലപാട്. 

യുഡിഎഫിന്‍റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇതേ അവസ്ഥയിലുള്ള പിജെ ജോസഫിന് മാന്യമായ പരിഗണന എന്ന നിലയിലാണ് ഭരണ പരിഷ്കരണ കമ്മീഷനോ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷനോ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 

85 കാരനായ പിജെ ജോസഫിനും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതു കാര്യങ്ങളില്‍ ഏറെ നേരം ഇടപെടാന്‍ കഴിയുന്ന സാഹചര്യമല്ല. 

മാത്രമല്ല, 20 വര്‍ഷം ഇടതുപക്ഷത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച് കെഎം മാണിയുടെ പാര്‍ട്ടി വഴി തിരികെയെത്തിയ ജോസഫിനെ മുതിര്‍ന്ന യുഡിഎഫ് നേതാവെന്ന നിലയില്‍ ആദരിക്കണമെന്ന ആവശ്യം മറ്റൊരു കൗതുകമാണ്.

കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിയുടെ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്ത ഏക യുഡിഎഫ് എംഎല്‍എയാണ് മറ്റൊരു ക്യാബിനറ്റ് റാങ്ക് ആവശ്യക്കാരന്‍.  

നിര്‍ണായക സമയത്ത് യുഡിഎഫിനെ വഞ്ചിച്ചെങ്കിലും ആ പിണക്കം മനസില്‍ വയ്ക്കാതെ ഇത്തവണ കോണ്‍ഗ്രസ് അദ്ദേഹത്തെ കഷ്ടിച്ചാണെങ്കിലും വിജയിപ്പിച്ചെടുത്തു. എന്നിട്ടും എംഎല്‍എ സ്ഥാനം മാത്രം പോരാ, ഒരു ക്യാബിനറ്റ് റാങ്കുകൂടി വേണമെന്നതാണ് അദ്ദേഹത്തിന്‍റെയും ആവശ്യം. 

ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍റെ ആവശ്യം ക്യാബിനറ്റ് റാങ്കോടെ ഡെല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ആകണമെന്നതാണ്. മുമ്പ് ഡല്‍ഹിയില്‍ യുപിഎ രാഷ്ട്രീയത്തിന്‍റെ ഭാഗമായിരുന്ന പരിചയമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. 

മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് നിരന്തരം വരട്ട് ഇടത് പിന്തിരിപ്പന്‍ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കോണ്‍ഗ്രസിനുമെതിരെ പത്രസമ്മേളനം നടത്തലായിരുന്നു അന്ന് ദേവരാജന്‍റെ ഇഷ്ട വിനോദം. അദ്ദേഹത്തിനും വേണം ക്യാബിനറ്റ് റാങ്ക്. കേരളത്തില്‍ അങ്ങനൊരു പാര്‍ട്ടി ഉള്ളതായി കേള്‍ക്കുന്നത് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തവരുടെ പേര് വരുമ്പോഴാണ്. 

63 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ പദവിയും അംഗീകാരവുമില്ലാതെ കാത്തുനില്‍ക്കുമ്പോഴാണ് ഇത്തരം 'വയോജന പുനരധിവാസ ക്യാബിനറ്റ് പായ്ക്കേജുകള്‍' ആവശ്യപ്പെട്ട് ഘടകകക്ഷികളുടെ പടപ്പുറപ്പാട്.  

ഘടകകക്ഷികള്‍ക്കും അദാനിക്കും മാത്രം മതിയോ ഭരണത്തിന്‍റെ ആനുകൂല്യങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

Tags

Share this story

From Around the Web