സ്‌നേഹത്തില്‍ സത്യം വെളിപ്പെടുത്തിയിരിക്കുന്നു
'നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടന്നു പ്രകാശിപ്പിക്കട്ടെ!'' (എഫേസോസ് 1:18)
നമ്മള്‍ ക്രിസ്ത്യാനികള്‍ മറ്റുള്ളവരെക്കാള്‍ അധികമായി നമ്മുടെ മനസാക്ഷിയെ സത്യത്തിനനുരൂപമാക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്‍ ദൈവത്തിന്റെ വെളിപ്പെടുത്തലെന്ന സൗജന്യ സമ്മാനത്തിന്റെ പ്രതാപത്തിന് മുന്‍പേതന്നെ, എത്രമാത്രം എളിമയോടും, ശ്രദ്ധയോടും കൂടിയായിരിക്കണം മനുഷ്യന്‍ മനസാക്ഷിയുടെ ശബ്ദം ശ്രവിച്ചിരിക്കേണ്ടത് !
അവന്റെ പരിമിതമായ ഉള്‍ക്കാഴ്ചയെ പരിഗണിക്കുമ്പോള്‍ അവന്‍ എത്രമാത്രം വിനീതവാനാകേണ്ടതാണ്. എത്ര പെട്ടെന്ന് പഠിക്കേണ്ടവനും, എത്ര പതുക്കെ ശിക്ഷിക്കപ്പെടേണ്ടവനുമായിരിക്കണം.
ക്രിസ്ത്യാനികള്‍ക്കിടയില്‍പോലുമുള്ള സ്ഥായിയായ ഒരു പ്രലോഭനമാണ്, തന്നെ തന്നെ സത്യത്തിന്റെ മാനദണ്ഡമാക്കി ഉയര്‍ത്തിപ്പിടിക്കുക എന്നത്. വ്യക്തിത്വവാദം സര്‍വ്വവ്യാപിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ പ്രലോഭനം വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
പക്ഷെ, എളിമയോട് കൂടി സ്‌നേഹിക്കുവാനുള്ള കഴിവാണ് യാഥാര്‍ത്ഥമായും 'സത്യത്തിലുള്ളവരുടെ' ഒരു അടയാളം. ഇതാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്: സത്യം സ്‌നേഹത്തില്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
നാം ഊന്നിപ്പറയുന്ന സത്യം നമ്മോടാവശ്യപ്പെടുന്നത്: വിഭജനത്തേയല്ല മറിച്ചു ഐക്യത്തെ പ്രചരിപ്പിക്കുവാനാണ്; അസഹിഷ്ണുതയേയും, വിദ്വേഷത്തേയുമല്ല പകരം അനുരജ്ഞനത്തെ.
സത്യത്തെക്കുറിച്ച് അറിയുവാനുള്ള വരദാനം നമുക്ക് ലഭിക്കുന്നതോടൊപ്പം, എല്ലാവരേയും സ്വാതന്ത്ര്യത്തിലേക്കും, ശാന്തിയിലേക്കും നയിക്കുന്ന സത്യത്തെ പ്രഘോഷിക്കുക എന്ന ഉത്തരവാദിത്വം കൂടി നമ്മില്‍ വന്നുചേരുന്നു: യേശുവിന്റെ മാംസമായി തീര്‍ന്ന സത്യം.
(വിശുദ്ധ ജോണ്‍ പോല്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 1-1-1991)