താരിഫ് വാറിന് പിന്നാലെ മെക്സിക്കോയുമായി ‘ആകാശയുദ്ധ’നൊരുങ്ങി ട്രംപ് ഭരണകൂടം; വിമാന സർവീസുകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

 
TRUMPH

താരിഫ്‌ ഭീഷണികൾക്ക് പിന്നാലെ അയൽക്കാരായ മെക്സിക്കോയുമായി ആകാശയുദ്ധത്തിനും തുടക്കമിട്ട് ഡൊണാൾഡ് ട്രംപ്. മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രാ, ചരക്ക് വിമാന സർവീസുകൾക്ക് മെക്സിക്കൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മറുപടിയായി, ട്രംപ് ഭരണകൂടം ശനിയാഴ്ച മെക്സിക്കോയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡെൽറ്റ എയർ ലൈൻസും എയറോമെക്സിക്കോയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രധാന താവളമായ ബെനിറ്റോ ജുവാരസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 48.2 കിലോമീറ്റർ അകലെയുള്ള പുതിയ ഫെലിപ്പ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്, വിമാനക്കമ്പനികളെ മാറ്റാൻ നിർബന്ധിതമാക്കിയ മെക്സിക്കോയുടെ നടപടികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന്റെ ലംഘനമാണെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. ഇത് ആഭ്യന്തര വിമാനക്കമ്പനികൾക്ക് അന്യായമായ നേട്ടം നൽകിയെന്നും അദ്ദേഹം ആരോപിച്ചു.


അമേരിക്കക്കാർ ഏറ്റവും കൂടുതൽ വിദേശ സന്ദർശനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. കഴിഞ്ഞ വർഷം 40 ദശലക്ഷത്തിലധികം പേരാണ് ഇവിടെ സന്ദർശിച്ചത്. ‘ജോ ബൈഡൻ ഭരണകൂടമാണ് മെക്സിക്കോയെ നമ്മുടെ ഉഭയകക്ഷി വ്യോമയാന കരാർ ലംഘിക്കാൻ മനഃപൂർവ്വം അനുവദിച്ചത്’ – മുൻ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ഗതാഗത സെക്രട്ടറിയെയും പരാമർശിച്ചുകൊണ്ട് ഡഫി പറഞ്ഞു.


‘അത് ഇന്ന് അവസാനിക്കുന്നു. യുഎസിനെയും നമ്മുടെ വിമാനക്കമ്പനികളെയും നമ്മുടെ വിപണിയെയും മുതലെടുക്കാൻ കഴിയുമെന്ന് കരുതി വച്ചിരിക്കുന്ന ഏതൊരു രാജ്യത്തിനും ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ’ – അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഇനി മുതൽ എല്ലാ മെക്സിക്കൻ പാസഞ്ചർ, കാർഗോ, ചാർട്ടർ എയർലൈനുകളും അവരുടെ ഷെഡ്യൂളുകൾ യുഎസ് ഗതാഗത വകുപ്പിന് സമർപ്പിക്കുകയും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയും വേണം.

Tags

Share this story

From Around the Web