ഇടവകയില്‍ വിശ്വാസികളുടെ യഥാര്‍ത്ഥ ശക്തി ദൈവ സ്‌നേഹത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്: പാപ്പാ

 
Papa



ഒരു ഇടവകയില്‍, ആരെയും മാറ്റി നിര്‍ത്താതെ എല്ലാവരും ചേര്‍ന്ന് സഹകരിക്കുമ്പോള്‍ മാത്രമാണ് ഒരു കൂട്ടായ്മയും, സമൂഹവുമായി മാറുന്നതെന്ന് ലിയോ പതിനാലാമന്‍ പാപ്പാ ഉദ്ബോധിപ്പിച്ചു. 
റോമന്‍ രൂപതയിലെ തന്റെ അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായി, ക്വാര്‍ത്തിചോളയിലെ സ്വര്‍ഗ്ഗാരോഹണ ഇടവകയില്‍, പ്രായമായവരും, രോഗികളുമായവരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യം എടുത്തു പറഞ്ഞത്.

ബലഹീനതകള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാല്‍ വേദനയനുഭവിക്കുന്നവര്‍, മോശം രീതിയില്‍ പെരുമാറുന്ന കുട്ടികള്‍, മാനസികവും വ്യക്തിപരവും ആത്മീയവുമായ ആരോഗ്യത്തിന്റെ അഭാവം നേരിടുന്നവര്‍, നിരവധി പ്രശ്‌നങ്ങളുള്ള തടവുകാര്‍ എന്നിങ്ങനെ ഇടവകയില്‍ പലതരത്തിലുള്ള ആളുകള്‍ ഉണ്ടെന്നും എന്നാല്‍ എല്ലാവരും ഒരുമിച്ചു വരുമ്പോഴാണ്, സമൂഹം എന്നത് യാഥാര്‍ഥ്യമാകുന്നതെന്നും പാപ്പാ പറഞ്ഞു.

 തുടര്‍ന്ന്, നാം സമൂഹത്തില്‍ ഒരുമിച്ചിരിക്കുമ്പോള്‍, നമ്മില്‍ ഓരോരുത്തരെക്കാളും വളരെ വലിയ ഒരു ശക്തിയുണ്ടെന്നും, അത്  ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്ന് ലഭിക്കുന്ന ശക്തിയാണെന്നും അതാണ് നമ്മെ യഥാര്‍ത്ഥത്തില്‍  ഒരു കുടുംബമാക്കി മാറ്റുന്നതെന്നും അടിവരയിട്ടു പറഞ്ഞു.

അത്തരം ഒരു സമൂഹത്തില്‍ അപരന്റെ ബലഹീനതകളില്‍, ഒരുമിച്ചു പരസ്പരം പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ, ഇത് ഇടവക തലത്തില്‍ തുടരുവാന്‍ ആഹ്വാനം ചെയ്തു. 

തുടര്‍ന്ന്, മധ്യപൂര്‍വേഷ്യയില്‍ നടക്കുന്ന അശാന്തി നിറഞ്ഞ സംഘര്‍ഷങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു. ലോകത്ത് സമാധാനത്തിനായി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ പാപ്പാ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. 

എന്നാല്‍ തങ്ങളായിരിക്കുന്ന  സമൂഹത്തിലും, കുടുംബങ്ങളിലും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. 'നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. 


നമുക്ക് ഒരുമിച്ചു വിശ്വാസത്തില്‍ ജീവിക്കാന്‍ ശ്രമിക്കാം, നമുക്ക് എല്ലായ്‌പ്പോഴും സാക്ഷ്യം നല്‍കുവാന്‍ പരിശ്രമിക്കാം', പാപ്പാ പറഞ്ഞു.

Tags

Share this story

From Around the Web