ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല. സഭാ നേതാക്കന്‍മാരെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും രൂക്ഷ മറുപടിയുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്

 
Mar joseph kallarangattu

കോട്ടയം: ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, സഭാ നേതാക്കന്‍മാരെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും  പരോക്ഷവും രൂക്ഷവുമായ മറുപടിയുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മതനേതാക്കളെക്കുറിച്ചു മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സംസാരിക്കുന്നു. അവര്‍ ആരായിരുന്നാലും സഭാ നേതാക്കന്‍മാരെക്കുറിച്ചു മാന്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നത് ശരിയാണെന്ന് എനിക്കു തോന്നില്ല. അഭിപ്രായം പറയുമ്പോള്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണം.

പൊതുപ്രവര്‍ത്തകര്‍ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കുന്നത് ഈ നാട്ടില്‍ പതിവായിരിക്കുകയാണ്. വളരെ ബലഹീനമായ ആക്ഷേപങ്ങള്‍ പൊതു ഇടങ്ങളിലും മെത്രാന്മാരുടെ താമസ മുറികളുടെ മുന്നിലും വന്നു നിന്നു പറയാമെന്ന രീതിയില്‍ പോകുന്നതു ശരിയല്ല- 

കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് ഹൌസില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന് പൂച്ചെണ്ട് കൈമാറാന്‍ എത്തിയപ്പോള്‍ ബിഷപ്പ് ഹൌസിന് മുന്‍പില്‍ വച്ച് പിസി ജോര്‍ജ് ബിഷപ്പുമാര്‍ക്കും ദീപികയ്ക്കും എതിരെ നടത്തിയ തരംതാണ വിമര്‍ശനങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ്  പാലാ ബിഷപ്പിന്റെ  പ്രതികരണം.

കൈയടിക്ക് വേണ്ടിയോ സംസ്‌കാരമില്ലാതെ ചാനല്‍ഭാഷകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയോ ഇത്തരം സംസാരങ്ങള്‍ നടത്തരുത്. ഭീഷണിയുടെ സ്വരം വിലപോവില്ല. അതു നമ്മള്‍ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.

രാഷ്ട്രീയ നേതൃത്വം എന്നും സമുദായങ്ങളില്‍ നിന്ന് ഉണ്ടാകുന്നതു സഭ പ്രോസാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്‍മാരാണു നമ്മുടെ രൂപതയില്‍ നിന്ന് വളര്‍ന്നു വന്നത്. അതൊക്കെ നമുക്കു സന്തോഷമാണ്. അവരുവഴി നിരവധിയായ അനുഗ്രഹങ്ങള്‍ നമുക്കു കിട്ടിയിട്ടുണ്ട്.

സഗൗരവം ആശയങ്ങള്‍ നിരത്തി സഭയിലൂടെയാണ് അവര്‍ വളര്‍ന്നത്. അങ്ങനെ അവരുടെ ആശയങ്ങള്‍ വഴി ഈ രാജ്യത്തെ വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. പെളിറ്റിക്കല്‍ ലഗസി നേടിയെടുത്തവരൊക്കെ അവരുടെ ഐഡന്റിറ്റിക്ക് ചേരാത്ത വിധത്തില്‍ നില്‍ക്കുന്നതും പറയുന്നതും ശരിയല്ല.

എല്ലാ സമയവും മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണമെന്ന് പറയാന്‍ സാധിക്കില്ല. മിണ്ടാപ്രാണികളായിരിക്കണം എന്നാണ് ആ പറയുന്നതിന് അര്‍ഥം. ജനാധിപത്യത്തില്‍ അതു നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. 

ആയിരക്കണക്കിന് വൈദികരും സമര്‍പ്പിതരും മേലധ്യക്ഷന്‍മാരുമുള്ള ഈ സഭയെ മിണ്ടാപ്രാണികളായിരിക്കണം, ന്യൂട്രലായിരിക്കണം എന്നൊക്കെ ആര്‍ക്കുവേണ്ടിയാണു സംസാരിക്കുന്നത്. എപ്പോഴും ന്യൂട്രലായിരുന്നാല്‍ നമ്മള്‍ക്ക് ഒന്നും പറയാന്‍ പറ്റാതെ പോകും.  അതു നടപ്പാകുന്ന കാര്യമല്ല, ആരും നടപ്പാക്കാന്‍ ചിന്തിക്കുകയും ചെയ്യരുത്.

പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മതനേതാക്കളെ കുറിച്ച് എന്തും വിളിച്ചുപറയുന്നു. വിമര്‍ശനം മാന്യമായ ഭാഷയിലാകണം. രഹസ്യമായല്ല പരസ്യമായി വോട്ടു ചോദിക്കാന്‍ സഭയ്ക്ക് അവകാശമുണ്ടെന്നു ബിഷപ്പ് വ്യക്തമാക്കി. അതിന് ആരെയാ പേടിക്കേണ്ടത്. നമ്മള്‍ സത്യമെന്താണെന്നു കാണുകയും ആ സത്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ സധൈര്യം അവതരിപ്പിക്കാനുള്ള കഴിവു വേണം.

 നമ്മള്‍ സത്യം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അനീതി ആരോടും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പത്രമാസികകളെ ആക്ഷേപിക്കരുത്. സത്യം മാത്രം പറയുന്ന പത്രമാണ് ദീപിക. അതിനെ എന്തിനാണ് ആക്ഷേപിക്കുന്നതെന്നും ബിഷപ്പ് ചോദിച്ചു. 

ദീപികയെ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കറും മുസ്ലീം തീവ്രവാദികളും ആണെന്ന് പിസി ജോര്‍ജ് പറഞ്ഞത് പാലാ ബിഷപ്പ് ഹൌസിന് മുന്‍പില്‍ വച്ചായിരുന്നു. ലീഗിന്റെ ചന്ദ്രിക പോലെയായിരിക്കയാണ് ദീപിക എന്നും ജോര്‍ജ് പറഞ്ഞിരുന്നു.

Tags

Share this story

From Around the Web