ടൈംസ് ഓഫ് ഇന്ത്യ മാധ്യമധർമ്മം വിസ്മരിക്കരുത്; യേശുക്രിസ്തുവിനെ വികലമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം: പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

 
PRO LIFE GLOBAL

*കൊച്ചി:** ഭാരതത്തിലെ പ്രമുഖ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’ മാധ്യമധർമ്മം വിസ്മരിക്കരുതെന്നും ക്രൈസ്തവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ആവശ്യപ്പെട്ടു.

സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ചിത്രീകരിക്കുന്നതിനായി, ക്രൈസ്തവ സമൂഹം ദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന യേശുക്രിസ്തുവിന്റെ തിരുവത്താഴ (അന്ത്യ അത്താഴ) ശുശ്രൂഷയെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി കൂട്ടിക്കുഴച്ച് വികലമായി അവതരിപ്പിക്കുന്ന പതിവ് ആവർത്തിക്കുന്നത് വിശ്വാസി സമൂഹത്തെ ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.


ക്രൈസ്തവ സമൂഹം തെരുവുകളിൽ പ്രക്ഷോഭങ്ങളുമായി ഇറങ്ങാത്തത് അവരുടെ അശക്തി കൊണ്ടല്ല; മറിച്ച് ക്രിസ്തു പകർന്നുനൽകിയ സമാധാനത്തിന്റെയും ശാന്തതയുടെയും ഉന്നതമായ വിശ്വാസ ബോധ്യങ്ങൾ ഉള്ളതുകൊണ്ടാണെന്ന് മാധ്യമങ്ങളും സമൂഹവും തിരിച്ചറിയണം.

 ക്രൈസ്തവരുടെ ഈ സഹിഷ്ണുതയെ ദുർവ്യാഖ്യാനം ചെയ്യരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള കലാസൃഷ്ടികളും വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രെസ്സ് കൗൺസിൽ ഓഫ് ഇന്ത്യയും സർക്കാരും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

Tags

Share this story

From Around the Web