ആണവായുധ ഭീഷണി വർധിക്കുന്നു; ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അന്റോണിയോ ഗുട്ടെറസ്
ആഗോളതലത്തിൽ ആണവായുധ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് കനത്ത ജാഗ്രതാനിർദ്ദേശം നൽകി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ആണവ പരീക്ഷണങ്ങളിൽ രാജ്യങ്ങൾ വീണ്ടും താല്പര്യം കാണിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾ വളരുന്ന ഈ കാലഘട്ടത്തിൽ ആണവ നിയന്ത്രണ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു .
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ലോകത്ത് ആണവായുധങ്ങളുടെ എണ്ണം കൂടുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പഴയ ഉടമ്പടികൾ പാലിക്കപ്പെടാത്തതും രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസമില്ലായ്മയുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. അതേസമയം സമാധാനം ഉറപ്പാക്കുന്നതിനായുള്ള ആണവ വിരുദ്ധ പ്രവർത്തനങ്ങൾ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന ആശങ്കയും ഗുട്ടെറസ് പൊതുസഭയിൽ പ്രകടിപ്പിച്ചു.
ആഗോളതലത്തിൽ സൈനിക ആവശ്യങ്ങൾക്കായി ചെലവാക്കുന്ന തുക 2025-ൽ റെക്കോർഡ് വർധനവിൽ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഏകദേശം 2.7 ലക്ഷം കോടി ഡോളറാണ് വിവിധ രാജ്യങ്ങൾ സൈനിക മേഖലയ്ക്കായി ഇതുവരെ ചെലവാക്കിയത്. ആണവ പരീക്ഷണങ്ങൾ വീണ്ടും സജീവമാകുന്നത് ലോകത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.