ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതസാക്ഷ്യം അനേക ഹൃദയങ്ങളെ സ്പര്‍ശിച്ചു; ലിയോ 14-ാമന്‍ പാപ്പ
വത്തിക്കാന്‍ സിറ്റി: സ്‌നേഹനിധിയായ നല്ലിടനായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ജീവിതസാക്ഷ്യം അനേകം ഹൃദയങ്ങളെ സ്പര്‍ശിച്ചതായി ലിയോ 14-ാമന്‍ പാപ്പ.
ഫ്രാന്‍സിസ് പാപ്പയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാപ്പയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടന്ന അനുസ്മരണ ബലിക്കിടെ വായിച്ച സന്ദേശത്തിലാണ് ലിയോ പാപ്പ ഇക്കാര്യം പറഞ്ഞത്.
ലിയോ പാപ്പ ആഫ്രിക്കന്‍ പര്യടനത്തിലായതിനാല്‍ കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ പാപ്പയുടെ സന്ദേശം വായിക്കുകയും ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കുകയും ചെയ്തു.
മാറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ പത്രോസിന്റെ പിന്‍ഗാമിയായി സഭയെ നയിച്ച ഫ്രാന്‍സിസ് പാപ്പ, ലോകത്തിന് ധീരമായ സാക്ഷ്യമാണ് നല്‍കിയതെന്ന് ലിയോ 14-ാമന്‍ പറഞ്ഞു. കരുണ, സമാധാനം, സാഹോദര്യം, ആടുകളുടെ മണമുള്ള ഇടയന്‍, ഫീല്‍ഡ് ഹോസ്പിറ്റല്‍ തുടങ്ങിയ പാപ്പയുടെ പദപ്രയോഗങ്ങള്‍ ഇന്നും നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു.
ഇതിലൂടെ സുവിശേഷത്തെ കൂടുതല്‍ ലളിതമായി അവതരിപ്പിക്കാന്‍ പാപ്പക്ക് സാധിച്ചതായി ലിയോ പാപ്പ പറഞ്ഞു.
ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വത്തിക്കാനില്‍ നടന്നു.
ഇതുകൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതവുമായി ബന്ധപ്പെട്ട സെമിനാര്‍, സംഗീതപരിപാടികള്‍ എന്നിവയും റോമില്‍ നടന്നു.