അമോറിസ് ലെത്തീത്സിയയുടെ പത്താം വാര്‍ഷികം: കുടുംബങ്ങളോടുള്ള സുവിശേഷപ്രഘോഷണത്തെക്കുറിച്ചുള്ള വിചിന്തനത്തിന് സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
ദാമ്പത്യ കുടുംബ സ്‌നേഹം സംബന്ധിച്ച പ്രത്യാശയുടെ മനോഹരമായ ഒരു സന്ദേശമായിരുന്നു ഫ്രാന്‍സിസ് പാപ്പാ 2016 മാര്‍ച്ച് 19-ന് നല്‍കിയ അമോറിസ് ലെത്തീത്സിയ എന്ന സിനഡാനന്തര അപ്പസ്‌തോലിക പ്രബോധനമെന്ന് ലിയോ പാപ്പാ.
അമോറിസ് ലെത്തീത്സിയ പുറത്തിറങ്ങിയതിന്റെ പത്താം വാര്‍ഷികത്തില്‍ 2026 മാര്‍ച്ച് 19 വ്യാഴാഴ്ച പുറത്തുവിട്ട ഒരു സന്ദേശത്തിലാണ് തന്റെ മുന്‍ഗാമി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റേതുള്‍പ്പെടെയുള്ള സഭാത്മക ചിന്തകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ അപ്പസ്‌തോലിക പ്രബോധനത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതുപോലെ, കുടുംബം, സമൂഹത്തിന്റെ അടിത്തറയും, ദൈവത്തിന്റെ അനുഗ്രഹവും, മാനുഷികതയുടെ മാറ്റുകൂട്ടുന്ന ഇടവുമാണെന്ന് പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ എഴുതി.
വിവാഹമെന്ന കൂദാശവഴി, ക്രൈസ്തവ ദമ്പതികള്‍, വിദ്യാഭ്യാസത്തിനും വിശ്വസകൈമാറ്റത്തിനും പ്രധാനപ്പെട്ട ഗാര്‍ഹിക സഭയായി മാറുകയാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
യുവജനങ്ങള്‍ക്കും വധൂവരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള സഭയുടെ പ്രാമാണിക, അജപാലന ഉത്തരവാദിത്വങ്ങളാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഫമിലിയാരിസ് കൊണ്‍സോര്‍ത്സിയോയും (1981) അമോറിസ് ലെത്തീത്സിയയും ഓര്‍മ്മിപ്പിക്കുന്നതെന്നും പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.
ഫമിലിയാരിസ് കൊണ്‍സോര്‍ത്സിയോ പുറത്തിറങ്ങിയതിന് ശേഷമുള്ള മുപ്പത്തിയഞ്ച് വര്‍ഷങ്ങളിലെ നരവംശ-സാംസ്‌കാരിക മാറ്റങ്ങള്‍ കൂടി കണക്കിലെടുത്ത്, സിനഡാത്മക വിചിന്തനത്തിന്റെ പാതയില്‍ സഭ കൂടുതല്‍ സജീവമാകാന്‍ ഫ്രാന്‍സിസ് പാപ്പാ ആഗ്രഹിച്ചുവെന്ന് ലിയോ പതിനാലാമന്‍ പാപ്പാ ഓര്‍മ്മിപ്പിച്ചു.
കുടുംബങ്ങളുമായി സംവദിച്ചും, അവരുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും, വേദനകളും വിഷമങ്ങളും മനസ്സിലാക്കാതെയും കുടുംബത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാകില്ലെന്ന് പരിശുദ്ധ പിതാവ് നമ്മെ ഓര്‍മ്മിപ്പിച്ചിരുന്നു.
സിനഡിന്റെ വിചിന്തനങ്ങളും അമോറിസ് ലെത്തീത്സിയയും, നമുക്ക് നല്‍കുന്ന ക്ഷണമനുസരിച്ച്, ദൈവത്തിന്റെ, സ്‌നേഹവും കരുണയും നിറഞ്ഞ സാന്നിധ്യത്തെക്കുറിച്ചുള്ള ബൈബിള്‍ പ്രത്യാശ കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്.
ബുദ്ധിമുട്ടുകളുടെയും വെല്ലുവിളികളുടെയും മുന്നിലും, കുടുംബപരമായ സ്‌നേഹത്തിന്റെ ആദ്ധ്യാത്മികത ജീവിക്കുന്ന കുടുംബങ്ങളെയോര്‍ത്ത് ദൈവത്തിന് നന്ദി പറയാമെന്ന് പരിശുദ്ധ പിതാവ് എഴുതി.
കുടുംബങ്ങളെ സ്വാധീനിക്കുന്ന മാറ്റങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത്, ഇന്നത്തെ കുടുംബങ്ങളോട് എപ്രകാരമാണ്, അമോറിസ് ലെത്തീത്സിയുടെയും, പ്രാദേശികസഭകളില്‍ നടക്കുന്ന മാറ്റങ്ങളുടയും പശ്ചാത്തലത്തില്‍, സുവിശേഷം പ്രഘോഷിക്കേണ്ടതെന്നതിനെക്കുറിച്ച് പരസ്പരം ആശയങ്ങള്‍ കൈമാറാനായി, 2026 ഒക്ടോബറില്‍, ലോകമെങ്ങുമുള്ള മെത്രാന്‍സമിതി അദ്ധ്യക്ഷന്മാരെ വിളിച്ചുകൂട്ടാന്‍ താന്‍ തീരുമാനിച്ചുവെന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ എഴുതി.
നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യത്തിന് ഈയൊരു പദ്ധതിയെ സമര്‍പ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.