ക്യൂബയിലെ ഔവര്‍ ലേഡി ഓഫ് ചാരിറ്റി പുണ്യസങ്കേതത്തിലെ ഏറ്റവും ഉയര്‍ന്ന കുരിശില്‍ പുതിയ ദീപാലങ്കാരം
ക്യൂബയിലെ എല്‍ കോബ്രെയിലെ ഔവര്‍ ലേഡി ഓഫ് ചാരിറ്റി പുണ്യസങ്കേതത്തിലെ പ്രധാന ഗോപുരത്തിലെ കുരിശില്‍ സെപ്റ്റംബര്‍ രണ്ടിന് പുതിയ ദീപാലങ്കാരം അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയാണ് ഈ നവീകരണം. സാന്റിയാഗോ ഡി ക്യൂബ അതിരൂപതയുടെ കീഴില്‍ സ്ഥിതിചെയ്യുന്ന ഈ ബസിലിക്കയിലാണ് 17-ാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളില്‍ ദ്വീപിന്റെ കിഴക്കന്‍ തീരത്ത് നിന്ന് മൂന്ന് മീന്‍പിടുത്തക്കാര്‍ക്ക് ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ യഥാര്‍ഥ തിരുരൂപം സൂക്ഷിച്ചിരിക്കുന്നത്.
എന്നാല്‍, 2025 ഒക്ടോബറില്‍ വീശിയടിച്ച മെലിസ ചുഴലിക്കാറ്റ് ദൈവാലയത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ചില്ലുജാലകങ്ങള്‍ വലിയ തോതില്‍ തകരുകയും, ഭിത്തികള്‍ക്കും ജനലുകള്‍ക്കും രൂപങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ദൈവാലയത്തിന്റെ പിന്‍വാതില്‍ കാത്തുസൂക്ഷിച്ചിരുന്ന മാലാഖമാരുടെ രൂപങ്ങളിലൊന്നും തകര്‍ന്ന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഇതിനെ തുടര്‍ന്ന് ആരംഭിച്ച പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
ഹവാനയിലെ ഹിസ്റ്റോറിയന്‍സ് ഓഫീസില്‍ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെയാണ് തകര്‍ന്ന ചില്ലുജാലകങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത്. ഇവരുടെ ശില്പികള്‍ മാലാഖയുടെ പ്രതിമയുടെയും പുണ്യസങ്കേതത്തിലെ മറ്റ് മാര്‍ബിള്‍, വെങ്കല രൂപങ്ങളുടെയും അറ്റകുറ്റപ്പണികളില്‍ പങ്കാളികളായി.
സെപ്റ്റംബര്‍ എട്ടിന് രാജ്യത്തിന്റെ മധ്യസ്ഥയായ ഔവര്‍ ലേഡി ഓഫ് ചാരിറ്റിയുടെ തിരുനാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സാന്റിയാഗോ ഡി ക്യൂബ അതിരൂപത. ബസിലിക്കയില്‍ നടക്കുന്ന എല്ലാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും അതിരൂപതയുടെ ഇന്‍വെസ്റ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നത്.