ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഡാര്‍ലിംഗ്ടണില്‍ നൈറ്റ് വിജില്‍ നടത്തി
ഡാര്‍ലിംഗ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നൈറ്റ് വിജില്‍ ശുശ്രൂഷ നടത്തി. ഡാര്‍ലിംഗ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ചൊവ്വാഴ്ച വൈകുന്നേരം ആറരക്ക് റംശാ പ്രാര്‍ഥനയോടെ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി.
രൂപതയില്‍ നോമ്പ് കാലത്തു നടന്നു കൊണ്ടിരിക്കുന്ന ഗ്രാന്‍ഡ് മിഷന്‍ ധ്യാനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന വൈദികരും രൂപതയുടെ വിവിധ മിഷനുകളില്‍ സേവനമനുഷ്ഠിക്കുന്ന വൈദികരുമുള്‍പ്പടെ മുപ്പതോളം വൈദികരും സന്യസ്തരും വിവിധ മിഷനുകളില്‍ നിന്നുള്ള അല്മായരും പങ്കെടുത്ത നൈറ്റ് വിജില്‍ ശുശ്രൂഷ ബുധനാഴ്ച രാവിലെ അഞ്ചേ കാലിനു നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് അവസാനിച്ചത്.
രാത്രി മുഴുനീളെ നടന്ന യാമ പ്രാര്‍ഥനകള്‍, ജപമാല, വിശുദ്ധ കുരിശിന്റെ വഴി, പ്രയ്സ് ആന്‍ഡ് വര്‍ഷിപ്പ്, ആരാധന, മറ്റ് ശുശ്രൂഷകള്‍ എന്നിവക്ക് രൂപതാധ്യക്ഷനോടൊപ്പം ധ്യാന ഗുരുക്കന്മാരും നേതൃത്വം നല്‍കി.
രൂപതാ ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശ്ശേരില്‍ വി സി. രൂപത ഇവാഞ്ചലൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ സി ആന്‍ മരിയ എസ് എച്ച്, യൂത്ത് അപ്പോസ്റ്റലേറ്റ് ചെയര്‍പേഴ്‌സണ്‍ ഫാ. ലിജേഷ് മുക്കാട്ട്, ലീഡ്‌സ് റീജിയന്‍ ഡയറക്ടര്‍ ഫാ. ജോജോ പ്ലാപ്പള്ളില്‍, സി എം ഐ ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ. ബിനോയ് മണ്ഡപത്തില്‍ സി എസ് എസ് ആര്‍ എന്നിവരും സന്നിഹിതരായിരുന്നു.