സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ. സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്ത് ശുപാര്‍ശകള്‍ നടപ്പാക്കാണമെന്ന് ആവശ്യം
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാർഹമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം, സർക്കാരുമായി ബന്ധപ്പെട്ട് ക്രൈസ്‌തവ വിഭാഗങ്ങൾ അനുഭവിക്കുന്ന അനീതികൾ എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശിയുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ്റെ റിപ്പോർട്ട്, സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കുകയും അതിലെ ശുപാർശകൾ ക്രൈസ്‌തവ സഭാ നേതൃത്വങ്ങളുമായി ചർച്ച ചെയ്‌തു നടപ്പാക്കുകയും വേണമെന്ന് സീറോമലബാർ സഭ ദീർഘനാളുകളായി ആവശ്യപ്പെട്ടിരുന്നു.
കാലതാമസമുണ്ടായെങ്കിലും ഈ റിപ്പോർട്ട് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌ത സർക്കാർ നടപടിയെ സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സ്വാഗതം ചെയ്തു .
കേരളത്തിൽ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥകളും പ്രശ്നങ്ങളും ആദ്യമായി സമഗ്രമായി പഠിച്ചു റിപ്പോർട്ട് തയാറാക്കിയ ജസ്റ്റീസ് ജെ.ബി. കോശി, ഡോ. ജേക്കബ് പുന്നൂസ്, നിര്യാതനായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, കമ്മീഷൻ സെക്രട്ടറി റിട്ട. ജഡ്‌ജി സി.വി. ഫ്രാൻസിസ് എന്നിവരുടെ സേവനങ്ങളെ സഭ ആദരവോടെ കാണുന്നു.
റിപ്പോർട്ടിലെ ശിപാർശകളിൽ നിലവിൽ നടപ്പാക്കിയവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും റിപ്പോർട്ടിന്മേലുള്ള സഭകളുടെ അഭിപ്രായം എഴുതി അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ സഭാപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്.
റിപ്പോർട്ട് ചർച്ച ചെയ്‌തു ശുപാർശകൾ നടപ്പാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ എത്രയും വേഗം ഉണ്ടാകണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.