റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് റദ്ദാക്കി. നിയമസാധുതയില്ലെന്ന് വിസി. വിസിയുടെ വിയോജനക്കുറിപ്പ് മറികടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം

തിരുവനന്തപുരം : കേരളാ യൂണിവേഴ്‌സിറ്റി റജിസ്ട്രാരെ സസ്‌പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനം.
റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്തത്.
എന്നാല്‍ റദ്ദാക്കല്‍തീരുമാനത്തിന് നിയമസാധുതയില്ലെന്നും തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താന്‍ യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന ഇന്നത്തെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലെ ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വൈസ് ചാന്‍സിലര്‍ സിസ തോമസ് വഴങ്ങിയിരുന്നില്ല. സസ്‌പെന്‍ഷന്‍ സംബന്ധിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങളോട് സസ്‌പെന്‍ഷന്‍ വിഷയം അജണ്ടയിലില്ലെന്നായിരുന്നു സിസ തോമസ് മറുപടി നല്‍കിയത്. തര്‍ക്കത്തിനിടെ വിസി പുറത്തിറങ്ങിയ ശേഷമാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതായി ഇടത് അംഗങ്ങള്‍ അറിയിച്ചത്.
റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നാളെ കോടതി പരിഗണിക്കുമ്പോള്‍ റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്‍കിയ സാഹചര്യങ്ങളടക്കം വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം നല്‍കാം.
ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തിലെ വിവരങ്ങളടക്കം വിസി കോടതിയെ അറിയിക്കും.കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കിയതിനാണ് റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വിസി മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്.
സെനറ്റ് ഹാളിലെ പരിപാടി മുന്‍വിധിയോടെ റജിസ്ട്രാര്‍ റദ്ദാക്കുകയായിരുന്നുവെന്നും ഗവര്‍ണ്ണറോട് അനാദരവ് കാണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വിസിയുടെ നടപടി. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി സിസ തോമസാണ്.
ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും സംസ്ഥാന സര്‍ക്കാരും റജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനൊപ്പമാണ്. സിന്‍ഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സര്‍വകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചായിരുന്നു വി സിയുടെ നടപടി.