നിലപാട് കടുപ്പിച്ച് സിന്‍ഡിക്കേറ്റ്. രജിസ്ട്രാറെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് ഉത്തരവിറക്കി. ചുമതലയേറ്റെടുത്ത് ഡോ. കെ.എസ്. അനില്‍കുമാര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ണ്ടകെ.എസ്. അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് ഉത്തരവിറക്കി. ഇന്ന് തന്നെ ചുമതലയെടുക്കാന്‍ ആയിരുന്നു രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇതോടെ 4.30 ന് രജിസ്ട്രാര്‍ യൂണിവേഴ്‌സിറ്റിയിലെത്തി ചുമതലയെടുത്തു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തിലാണ് കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി റദ്ദാക്കിയത്. രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ റദ്ദ് ചെയ്തത്.
മാത്രമല്ല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയും തുടര്‍ന്ന് നടന്ന സംഘര്‍ഷവും സംബന്ധിച്ച് സമഗ്ര അന്വേഷണത്തിനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.
സെനറ്റ് ഹാളിലെ ആര്‍എസ്എസ് പരിപാടിയിടെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാല്‍ പരിപാടി റദ്ദാക്കിയതിനുമാണ് രജിസ്ട്രാര്‍ ഡോ.അനില്‍ കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തത്.
രാജ്ഭവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രജിസ്ട്രാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ, തന്നെ സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിന്‍ഡിക്കേറ്റ് തീരുമാനം സര്‍വകാലാശാല സറ്റാന്‍ഡിംഗ് കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിക്കും