വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വില്‍പ്പന ഉച്ചഭക്ഷണ സമയത്ത്
കോഴിക്കോട്: താമരശ്ശേരിയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് വാറ്റ് ചാരായം കൊണ്ടുവരുന്നത് ഇത് മൂന്നാം തവണയാണെന്ന് സഹപാഠികളില്‍ നിന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ഉച്ചഭക്ഷണ സമയത്താണ് വിദ്യാര്‍ത്ഥികള്‍ മദ്യം ഉപയോഗിക്കുന്നതെന്നും, പണം വാങ്ങിയാണ് വിദ്യാര്‍ത്ഥി മദ്യം സഹപാഠികള്‍ക്ക് നല്‍കിയിരുന്നതെന്നും പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. 500 എംഎല്‍ കുപ്പികളിലാക്കിയാണ് മദ്യം എത്തിച്ചിരുന്നത്.
മദ്യം കഴിക്കാത്ത മറ്റ് വിദ്യാര്‍ത്ഥികളാണ് സംഭവം പുറത്തറിയിച്ചത്. സംഭവത്തില്‍ അബ്കാരി ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കുട്ടിയുടെ രണ്ടാനച്ഛനാണ് വാറ്റ് ചാരായം കുപ്പിലാക്കി കുട്ടിയുടെ ബാഗില്‍ കൊടുത്ത് വിടുന്നതെന്ന് പോലീസ് കണ്ടെത്തി. കൂടാതെ, കുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്ന് 28 ലിറ്റര്‍ (56 കുപ്പി) വാറ്റ് ചാരായം പോലീസ് പിടികൂടി.
മുഖ്യപ്രതിയായ രണ്ടാനച്ഛന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. വ്യാജ മദ്യം നിര്‍മ്മിക്കാന്‍ കുട്ടികളെ രണ്ടാനച്ഛന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.