‘മനുഷ്യന്റെ ദുർബലതയിൽ വെളിപ്പെടുന്നത് ക്രിസ്തുവിന്റെ ശക്തി’: മേജർ ആർച്ച്ബിഷപ്പ് ഷെവ്ചുക്ക്
ഉക്രൈനിൽ തുടരുന്ന യുദ്ധത്തിന്റെ അഞ്ചാം വർഷത്തിലും രാജ്യം നേരിടുന്ന കഠിനമായ പീഡാനുഭവങ്ങളെ ക്രിസ്തുവിന്റെ കുരിശുമരണത്തോടും ഉത്ഥാനത്തോടും ഉപമിച്ച് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. കിഴക്കൻ ഈസ്റ്ററിന്റെ തലേന്ന് വത്തിക്കാൻ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ നടത്തുന്ന പ്രാർഥനാജാഗരണത്തിൽ ഉക്രേനിയൻ ജനത ഒന്നടങ്കം പങ്കുചേരുമെന്നും അദ്ദേഹം അറിയിച്ചു.
യുദ്ധത്തിനിടയിൽ രാജ്യം ആഘോഷിക്കുന്ന അഞ്ചാമത്തെ ഈസ്റ്ററാണിതെന്ന് ഓർമ്മിപ്പിച്ച ആർച്ച്ബിഷപ്പ്, ഉക്രേനിയൻ ജനത ഇന്ന് നടന്നുനീങ്ങുന്നത് ക്രിസ്തുവിന്റെ അതേ കുരിശിന്റെ വഴിയിലൂടെയാണെന്ന് പറഞ്ഞു. “ക്രിസ്തുവിനെ പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്തതുപോലെ, ഇന്ന് മരണത്തിന് വിധിക്കപ്പെട്ട നമ്മുടെ ജനതയും ആ വേദന അനുഭവിക്കുകയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യനുണ്ടാകുന്ന ദുർബലത ക്രിസ്തുവിന്റെ തന്നെ ദുർബലതയായി മാറിയിരിക്കുന്നു” – അദ്ദേഹം പറഞ്ഞു.
യുദ്ധത്തടവുകാരുടെയും തട്ടിക്കൊണ്ടുപോയി വിട്ടയയ്ക്കപ്പെട്ട കുട്ടികളുടെയും അനുഭവങ്ങൾ ക്രിസ്തുവിന്റെ നിശ്ശബ്ദതയോടും നിസ്സഹായാവസ്ഥയോടും അദ്ദേഹം താരതമ്യം ചെയ്തു. പീഡകരുടെ മുന്നിൽ പ്രതിരോധമില്ലാതെ നിന്ന കുട്ടികളുടെ സാക്ഷ്യങ്ങൾ കർത്താവിന്റെ ശക്തിയെയാണ് വെളിപ്പെടുത്തുന്നത്. വീടും സമ്പാദ്യവും നഷ്ടപ്പെട്ടിട്ടും മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടുവരുന്ന സന്നദ്ധപ്രവർത്തകർ, കുരിശ് ചുമക്കാൻ ക്രിസ്തുവിനെ സഹായിച്ച ശിമയോന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
യുദ്ധത്തിന് ഒരിക്കലും വിജയിക്കാനാവില്ലെന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം ആർച്ച്ബിഷപ്പ് ആവർത്തിച്ചു. കുട്ടികൾക്ക് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉക്രൈനിൽ യഥാർഥ സമാധാനം പുലരുന്നതിനായുള്ള പ്രാർഥനയാണ് ഈ വിശുദ്ധവാരത്തിൽ ഉക്രേനിയക്കാരുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.