കോട്ടയത്തും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഒരാഴ്ചയ്ക്കിടെ ഇരുപതോളം പേർക്ക് കടിയേറ്റു. കടിയേറ്റവരിൽ ഏഴു പേർക്ക് ഗുരുതര പരുക്ക്. മെഡിക്കൽ കോളജിൽ എത്തിയ കുട്ടിക്ക് ഉൾപ്പെടെയാണ് കടിയേറ്റത്
കോട്ടയം: കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. ഈ ആഴ്ച മാത്രം ചുരുങ്ങിയത് ഇരുപതിലേറെ പേർക്കാണ് പ്രദേശത്ത് തെരുവുനായകളുടെ ആക്രമണത്തിൽ കടിയേറ്റത്. കഴിഞ്ഞ ദിവസം മാത്രം നഗരപരിധിയിൽ 13 പേർക്ക് കടിയേറ്റു. ഇതിൽ ഏഴുപേരുടെ പരുക്ക് ഗുരുതരമാണ്.
ചുങ്കം, വാരിശ്ശേരി, കൂടയംപടി, കുടമാളൂർ, പാണ്ഡവം തുടങ്ങിയ വിവിധ മേഖലകളിലാണ് ആളുകൾക്ക് കടിയേറ്റത്. വാരിശ്ശേരി കവലയിൽ നിന്ന് തുടർച്ചയായി ആളുകളെ ആക്രമിച്ച നായ കൂടയംപടി ഭാഗത്തും, പ്രദേശത്തെ ഓട്ടോ സ്റ്റാൻഡിലു ണ്ടായിരുന്ന തൊഴിലാളിയെയുമടക്കം ആക്രമിക്കുകയായിരുന്നു.
വൈകുന്നേരങ്ങളാകുന്നതോടെ പത്തോളം നായ്ക്കളാണ് നഗരത്തിലെ പ്രധാന കവലകളിൽ തമ്പടിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിയ അഞ്ചുവയസ്സുകാരിക്കും തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു.
ഏറ്റുമാനൂർ സ്വദേശി വിനുവിന്റെ മകൾക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജ് വളപ്പിലെ മരത്തിന് സമീപം ഇരിക്കുകയായിരുന്ന കുട്ടിക്ക് നേരെ നായ കുരച്ചുകൊണ്ട് പാഞ്ഞടുക്കുക യായിരുന്നു.
പേടിച്ചു താഴെ വീണ കുട്ടിയുടെ മുകളിലേക്ക് കയറി നായ കഴുത്തിലും ചെവിയുടെ പുറകിലുമായി കടിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടി ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ആക്രമണം നടത്തിയ നായയെ പിടികൂടി നാഗമ്പടത്തെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
തെരുവുനായ ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.