വന്ധീകരിച്ച നായയ്ക്ക് 6 കുഞ്ഞുങ്ങള്‍. നായയുടെ മാസ്‌കുമായി ഹിയറിംഗിലെത്തി  നേതാവ്; മധ്യപ്രദേശില്‍ വേറിട്ട സമരം

 
DOG


തെരുവുനായ ശല്യം രൂക്ഷമായതിനെതിരെ മധ്യപ്രദേശിലെ ഖണ്ട്വ കളക്ടറേറ്റില്‍ നടന്ന ഒരു വേറിട്ട പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നായയുടെ വേഷം ധരിച്ചായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച നടന്ന ജനസമ്പര്‍ക്ക പരിപാടിയെയാണ് ഒരു യുവാവ് അസാധാരണമായ സമരവേദിയാക്കി മാറ്റിയത്.

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി 40 ലക്ഷം രൂപ ചെലവഴിച്ചതായി രേഖകളുണ്ടെങ്കിലും തെരുവില്‍ നായകളുടെ ആക്രമണം കുറവില്ലാതെ തുടരുകയാണെന്ന ആരോപണമാണ് ഈ വൈറല്‍ പ്രതിഷേധത്തിന് പിന്നില്‍. 

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നും, ഇത് പ്രദേശവാസികളെയും പ്രത്യേകിച്ച് കുട്ടികളെയും കാല്‍നടയാത്രക്കാരെയും വലിയ ബുദ്ധിമുട്ടിലാക്കുകയാണെന്നും പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതിപ്പെട്ടു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി വൈറലാവുകയാണ്.

അതേസമയം, നായ്ക്കളുടെ വന്ധ്യംകരണം നടത്താതെ തന്നെ 40 ലക്ഷം രൂപയുടെ ബില്‍ പാസാക്കിയെന്നാരോപിച്ചുള്ള പരാതി ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഖണ്ട്വ അഡീഷണല്‍ കളക്ടര്‍ കാശി റാം ബദോലെ വ്യക്തമാക്കി. വിഷയം മുനിസിപ്പല്‍ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

13,225 ആളുകള്‍ക്ക് ഇതുവരെ നായയുടെ കടിയേറ്റിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതില്‍ നഗരസഭയുടെ ഫണ്ട് വിനിയോഗം പരാജയപ്പെട്ടുവെന്നും ഖണ്ട്വ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് മുല്ലു റാത്തോഡ് ആരോപിച്ചു. 

തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നത് രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണെന്നും കുട്ടികള്‍ ഭയത്തോടെയാണ് സ്‌കൂളുകളില്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web