മരിയന്‍ ആദ്ധ്യാത്മികതയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം റോമിലെത്തിച്ചു

 
ROME111

വത്തിക്കാന്‍:ഒക്ടോബര്‍ 11, 12 തീയതികളിലായി വത്തിക്കാനിലും റോമിലും നടക്കുന്ന മരിയന്‍ ആദ്ധ്യാത്മികതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫാത്തിമയിലുള്ള മാതാവിന്റെ തിരുസ്വരൂപം റോമിലെത്തിച്ചു. 


വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പ്രതിനിധികള്‍, അദ്ധ്യാത്മികസമൂഹങ്ങള്‍ തുടങ്ങി നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് ചടങ്ങുകളില്‍ പങ്കെടുക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, ലോകത്തിലെ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങള്‍ക്കായുള്ള വിഭാഗം ഒക്ടോബര്‍ 10-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സാധാരണയായി ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ യഥാര്‍ത്ഥ തിരുസ്വരൂപം പുറത്തേക്ക് കൊണ്ടുപോകാറില്ലെങ്കിലും, മരിയന്‍ ആദ്ധ്യാത്മികതയുടെ ജൂബിലി അവസരത്തിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് അത് ഈ ദിവസങ്ങളില്‍ റോമിലെത്തിച്ചിരിക്കുന്നത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് റോമില്‍ ത്രസ്‌പൊന്തീനയിലെ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തില്‍ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. കാര്‍ലോസ് കബെസിനാസ് വിശുദ്ധ ബലിയര്‍പ്പിച്ചു. 


ദേവാലയത്തില്‍ സൂക്ഷിച്ച തിരുസ്വരൂപം രാവിലെ 8.30 മുതല്‍ വിശ്വാസികള്‍ക്ക് വണങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

വൈകുന്നേരം അഞ്ചുമണിയോടെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് തിരുസ്വരൂപം എത്തിച്ചു. വിശുദ്ധ പത്രോസ്-പൗലോസ് എന്നിവരുടെ പേരിലുള്ള അസോസിയേഷന്‍ അംഗങ്ങളാണ് രൂപം വഹിച്ചത്. 

ചത്വരത്തിന് പുറത്തുനിന്ന് വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഗാര്‍ഡ്, ജെന്താര്‍മെറിയ എന്നിവരുടെ അകമ്പടിയോടെ ബസലിക്കയ്ക്ക് മുന്നിലെത്തിക്കുന്നതിനിടെ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്ക് വെടിയേറ്റ ഇടത്തും തിരുസ്വരൂപം എത്തിച്ചിരുന്നു. റോം രൂപതയുടെ ഔദ്യോഗിക ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.

വൈകുന്നേരം ആറുമണിക്ക് ചത്വരത്തില്‍ ജപമാല പ്രാര്‍ത്ഥന നടന്നു. സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിക്കൊണ്ട് ഇത്തരമൊരു പ്രാര്‍ത്ഥന നടത്താന്‍ ലിയോ പതിനാലാമന്‍ പാപ്പാ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനയ്ക്ക് മുന്‍പായി പരിശുദ്ധ പിതാവ് ഫാത്തിമ മാതാവിന് മുന്നില്‍ സ്വര്‍ണന്‍ റോസാപുഷ്പം സമര്‍പ്പിച്ചു.

ഓരോ ജപമാലരഹസ്യത്തോടനുബന്ധിച്ച്, 1962 ഒക്ടോബര്‍ 11-ന് ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വാര്‍ഷികത്തെ അനുസ്മരിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി, കൗണ്‍സില്‍ രേഖയായ ലുമെന്‍ ജെന്‍സ്യൂമില്‍ , ക്രിസ്തു, സഭാ രഹസ്യങ്ങളില്‍ പരിശുദ്ധ അമ്മയുടെ പങ്കിനെക്കുറിച്ച് പറയുന്ന ഭാഗത്തുനിന്നുള്ള വായനയുണ്ടായിരുന്നു. 

 തുടര്‍ന്ന്, സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതിന്റെ ഭാഗമായി ദിവ്യകാരുണ്യ ആരാധനയും ഒരുക്കിയിരുന്നു. ചടങ്ങുകളില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

ഒക്ടോബര്‍ 12 ഞായറാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പണമുണ്ടായിരിക്കും.

Tags

Share this story

From Around the Web