ചൂടില്‍ വിയര്‍ത്ത് സംസ്ഥാനം. ചൂടിനെ മാത്രമല്ല അള്‍ട്രാ വയലറ്റ് രശ്മികളെയും പേടിക്കണമെന്ന് മുന്നറിയിപ്പ്

 
Temperature

ചൂടില്‍ വിയര്‍ത്ത് സംസ്ഥാനം. ചൂടിനെ മാത്രമല്ല അള്‍ട്രാ വയലറ്റ് രശ്മികളെയും പേടിക്കണമെന്ന് മുന്നറിയിപ്പ് 

 

ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. സംസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ പെയ്‌തെങ്കിലും ചൂടിന്റെ കാര്യത്തില്‍ ആശിക്കാന്‍ വകയില്ലെന്ന് ആയിട്ടുണ്ട്. ചൂടിനെ മാത്രമല്ല അള്‍ട്രാ വയലറ്റ് രശ്മികളെയും പേടിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്തനിവാരണ അതോറിറ്റി.

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് ദുരന്ത നിവാരണ അതോറിറ്റി. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നുള്ള ആരോ?ഗ്യ പ്രശ്‌നങ്ങളെ ചെറുക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാനും അറിയിപ്പില്‍ പറയുന്നു.പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.


പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, ആല്‍ബനിസം അവസ്ഥയുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്നും പറയുന്നു.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ യുവി സൂചിക ഉയര്‍ന്നതായിരിക്കും.

മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി സൂചികയുണ്ടാവാം. 

ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയര്‍ന്നതായിരിക്കുമന്ന് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

Tags

Share this story

From Around the Web