സംസ്ഥാന സർക്കാർ പുതുക്കിയ ഉച്ചഭക്ഷണ മെനു നാളെ മുതൽ നടപ്പിലാക്കും

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ഇനി ചോറും ചെറുപയർ കറിയും മാത്രമല്ല ഉച്ചഭക്ഷണമായി ലഭിക്കുക. കുട്ടികളുടെ ആരോഗ്യവും ഇഷ്ടങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പുതുക്കിയ ഉച്ചഭക്ഷണ മെനു നാളെ (ഓഗസ്റ്റ് 1) മുതൽ നടപ്പിലാക്കും. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളിൽ പോഷകക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പുതിയ മെനു പ്രകാരം ഭക്ഷണം ലഭിക്കുക.
പുതിയ മെനു അനുസരിച്ച്, ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകണം.ഇതിനൊപ്പം കൂട്ടുകറിയോ കുറുമ കറിയോ ഉണ്ടാകണം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തിയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചെറുധാന്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് റാഗി ബോൾസ്, റാഗി കോഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നിവയും ആഴ്ചയിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.