സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; തൃശൂര്‍ നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

 
TOLL



തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ദേശീയപാത നാട്ടികയിലെ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു. ടോള്‍ പ്ലാസയ്ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് മുമ്പ് നിര്‍ത്തിവെച്ചിരുന്ന ടോള്‍ പിരിവാണ് ഇപ്പോള്‍ ശക്തമായ പോലീസ് കാവലില്‍ പുനരാരംഭിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍, ഇതിന്റെ ഭാഗമായി ടോള്‍ പ്ലാസയില്‍ ഇന്നും പ്രതിഷേധം തുടരുമെന്നാണ് സൂചന.

ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാതെയാണ് ടോള്‍ പിരിവ് തുടങ്ങിയിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ആകെ വരുന്ന 62 കിലോമീറ്ററില്‍ 90 ശതമാനം പണികളും പൂര്‍ത്തിയായെന്ന് ദേശീയപാത അതോറിറ്റി വിശദീകരിക്കുന്നുണ്ടെങ്കിലും, ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്‌ലൈ ഓവര്‍, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത തുടങ്ങിയ നിരവധി പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തിയാകാനുണ്ട്. ഇതിനുപുറമെ പുതുതായി അനുവദിച്ച നടപ്പാലങ്ങളുടെ പ്രാരംഭ ജോലികള്‍ പോലും ആരംഭിച്ചിട്ടില്ല. ഹരിയാനയിലെ 'സ്‌കൈലാര്‍ക്ക്' എന്ന സ്വകാര്യ കമ്പനിക്കാണ് പിരിവിനുള്ള ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ക്കായുള്ള ജീവനക്കാര്‍ ഇതിനോടകം തന്നെ നാട്ടികയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.


പുതിയ നിരക്ക് പ്രകാരം കാര്‍, ജീപ്പ്, വാന്‍, എല്‍.എം.വി തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയും മടക്കയാത്ര ഉള്‍പ്പെടെ 180 രൂപയും നല്‍കണം. പ്രതിമാസ പാസായി 3995 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 405 രൂപയും, മടക്കയാത്ര ഉള്‍പ്പെടെ 610 രൂപയും, പ്രതിമാസത്തേക്ക് 13525 രൂപയുമാണ് നിരക്ക്. ഹെവി കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ക്ക് ഒറ്റ യാത്രയ്ക്ക് 635 രൂപയും പ്രതിമാസത്തേക്ക് 21210 രൂപയും നല്‍കണം. അതേസമയം ടോള്‍ പ്ലാസയില്‍ നിന്നും 20 കിലോമീറ്റര്‍ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങള്‍ക്ക് പ്രതിമാസം 360 രൂപയുടെ പാസ് എടുത്താല്‍ മതിയാകും. ടോള്‍ നല്‍കിയില്ലെങ്കില്‍ നാളെ മുതല്‍ ഈ ദേശീയപാതയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കില്ല.

അതേസമയം, ഡിസൈനില്‍ വരുത്തിയ മാറ്റങ്ങളാണ് പണികള്‍ വൈകാന്‍ കാരണമെന്ന് നിര്‍മ്മാണ കമ്പനി വിശദീകരിക്കുന്നു. നാല് മാസം മുമ്പ് ഡിസൈന്‍ മാറ്റിയതിനെ തുടര്‍ന്ന് അപ്രോച്ച് റോഡുകള്‍ മണ്ണിട്ട് ഉയര്‍ത്തുന്നതിന് പകരം പൈലിങ് നടത്തി പില്ലറുകള്‍ സ്ഥാപിച്ച് പാലത്തിന് സമാനമായ നിര്‍മ്മാണം നടത്തേണ്ടി വന്നു. ഇത് പാലങ്ങളുടെ നീളം വര്‍ദ്ധിപ്പിക്കുകയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം കൂടി ആവശ്യമായി വരികയും ചെയ്തു. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ തുക ഈടാക്കാനായി ടോള്‍ നിരക്ക് ഇനിയും വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.

Tags

Share this story

From Around the Web