ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ പ്രതിഷേധ സംഗമം

ഇടുക്കി: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സെപ്റ്റംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുരിക്കാശേരിയില്‍ പ്രതിഷേധ സംഗമം നടത്തുന്നു.
മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപക തസ്തികകള്‍ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളില്‍ നിയമന അംഗീകാരം നല്‍കണമെന്ന് എന്‍എസ്എസ് മാനേജ്മെന്റ് നല്‍കിയ കേസില്‍ 2025 മാര്‍ച്ച് നാലിന് സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
സമാനമായ സാഹചര്യങ്ങളില്‍ മറ്റു മാനേജ്മെന്റുകളിലെ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കാന്‍ ആ ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് 2025 മാര്‍ച്ച് 17ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിയമന അംഗീകാരം എന്‍എസ്എസ് മാനേജ്മെന്റുകളിലെ അധ്യാപകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
തുടര്‍ന്ന് കെസിബിസിയുടെ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം ഹൈക്കോടതിയെ സമീപിച്ച് 2025 ഏപ്രില്‍ ഏഴിന് സമാനമായ വിധി നേടുകയും ചെയ്തു.
എന്‍എസ്എസിന് ലഭിച്ച കോടതിവിധിക്ക് സമാനമായി ഹൈക്കോടതി മറ്റു മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിട്ടും കത്തോലിക്കാ സഭയുടെ മാനേജ്മെന്റിന് കീഴിലുള്ള അധ്യാപക നിയമനങ്ങള്‍ നിരസിച്ചുകൊണ്ട് 2025 ജൂലൈ 31ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത് കടുത്ത വിവേചനമാണ്. 2016 മുതല്‍ നിയമന അംഗീകാരമില്ലാതെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുണ്ട്.
ഈ സാഹചര്യത്തിലാണ് ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ 13ന് പ്രതിഷേധ സംഗമം നടത്തുന്നത്. 1000-ത്തോളം അധ്യാപക-അനധ്യാപകര്‍ പങ്കെടുക്കും.
ഇടുക്കി രൂപത എകെസിസി പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകടി യേല്‍, മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍സെ ക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, ടീച്ചേഴ്സ് ഗില്‍ഡ് രൂപത പ്രസിഡന്റ് നോബിള്‍ മാത്യു, സെക്രട്ടറി ബോബി തോമസ്, ട്രഷറര്‍ എബി കൂട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.