സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനം അതിരൂക്ഷം; ഐസ് ഫാക്ടറികളില്‍ പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

 
shigalla

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഷിഗെല്ല കേസുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. 

ഈ വര്‍ഷം ഇതുവരെ ആറ് ഷിഗെല്ല മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ച് മരണങ്ങളും സംഭവിച്ചത് ഈ മാസമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല മരണം പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നതിനാലാണ് നിലവിലെ സാഹചര്യം അതീവ ഗുരുതരമായി ആരോഗ്യവകുപ്പ് കാണുന്നത്.

ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് വഴിയാകാം രോഗം പടരുന്നതെന്ന സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഐസ് ഫാക്ടറികളില്‍ അടിയന്തരവും പ്രത്യേകവുമായ പരിശോധനകള്‍ നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു.

 ഈ മാസം മാത്രം 91 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ പകുതിയും ഈ ഒരു മാസത്തിലാണ് ഉണ്ടായത്. മുന്‍വര്‍ഷങ്ങളില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗര കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു കൂടുതല്‍ കേസുകളെങ്കില്‍, ഈ വര്‍ഷം മിക്ക ജില്ലകളിലും ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പാളിയാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകളും കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ശരീരത്തില്‍ പ്രവേശിക്കുന്നത്. ജ്യൂസ് പോലെയുള്ള ശീതളപാനീയങ്ങള്‍ തയ്യാറാക്കുന്ന കടകളില്‍ കര്‍ശന പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Tags

Share this story

From Around the Web