കൊളംബിയയിലെ വിശ്വാസികൾക്ക് ആത്മീയ സാന്നിധ്യം പകർന്ന് അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ തിരുശേഷിപ്പ് പര്യടനം

 
23343

കൊളംബിയയിലെ വിശ്വാസികൾക്ക് ആത്മീയ സാന്നിധ്യം പകരുന്ന അനുഭവമായി മാറുകയാണ് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുശേഷിപ്പ് പര്യടനം. വിശുദ്ധന്റെ ശരീരത്തിലെ അസ്ഥിയുടെ ഒരു ഭാഗമാണ് (bone fragment) ഇറ്റലിയിലെ അസ്സീസിയിൽ നിന്ന് കൊളംബിയയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ഫ്രാൻസിസ്കൻ സന്യാസസഭയുടെ ജൂബിലി വർഷാചരണങ്ങളുടെ (Franciscan Jubilee) ഭാഗമായിട്ടാണ് ഈ ആത്മീയ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.

വിശുദ്ധ ഫ്രാൻസിസ് അസ്സീസി ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കാനും അദേഹത്തിന്റെ സമാധിയുടെ 800-ാം വാർഷികം അനുസ്മരിക്കാനുമായി ആഗോളതലത്തിൽ നടക്കുന്ന വലിയൊരു ആത്മീയ യാത്രയുടെ ഭാഗമാണിത്. കൊളംബിയയിലെ കത്തോലിക്കാ സഭയുടെ മാതൃരൂപതയായി അറിയപ്പെടുന്ന ‘സാന്താ മാർത്ത’ (Santa Marta) രൂപതയിലാണ് ഈ ചരിത്രപ്രധാനമായ തീർഥാടനം ആരംഭിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിസ്കൻ സന്യാസിമാർ കൊളംബിയയിൽ ആദ്യമായി സുവിശേഷപ്രഘോഷണം തുടങ്ങിയത് ഇവിടെ നിന്നായതിനാലാണ് പര്യടനത്തിന് സാന്താ മാർത്തയെ ആദ്യ കേന്ദ്രമായി തിരഞ്ഞെടുത്തത്. വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ദൈവാലയത്തിൽ നടന്ന പ്രത്യേക പ്രാർഥനകളിലും ദിവ്യബലിയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ജൂലൈ മാസത്തിലും തുടർന്നുള്ള മാസങ്ങളിലുമായി കൊളംബിയയിലെ പ്രമുഖ നഗരങ്ങളായ ബാരൻക്വിയ, കാർട്ടഹേന, മെദെജിൻ, കാലി, ബൊഗോട്ട, ബുക്കാരാമംഗ, പെരേര തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ദൈവാലയങ്ങളിലും ഫ്രാൻസിസ്കൻ സന്യാസിനികളുടെ മഠങ്ങളിലും തിരുശേഷിപ്പ് സന്ദർശനം നടത്തും. വരും മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ഈ പര്യടനം 2027 ജനുവരി വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tags

Share this story

From Around the Web