വാട്‌സാപ്പിൽ പാട്ട് പങ്കുവെച്ചു; മതനിന്ദാ കുറ്റം ചുമത്തി ആറ് വർഷമായി ജയിലിൽ കഴിയുന്ന യുവാവിന്റെ കേസ് അനിശ്ചിതത്വത്തിൽ
അബുജ: വാട്സാപ്പിൽ പങ്കുവെച്ച ഗാനത്തിന്റെ വരികളിൽ മതനിന്ദയുണ്ടെന്നാരോപിച്ച് ആറു വർഷത്തിലേറെയായി തടവിൽ കഴിയുന്ന യുവഗായകൻ യഹായ ഷെരീഫ്-അമീനുവിന്റെ കേസിൽ അടിയന്തര വാദം കേൾക്കണമെന്ന് യു.എസ് ആസ്ഥാനമായ അഭിഭാഷക സംഘടനയായ അലയൻസ് ഡിഫെൻഡിങ് ഫ്രീഡം ഇന്റർനാഷണൽ (എഡിഎഫ്) ആവശ്യപ്പെട്ടു. 2020 ൽ ശരീയത്ത് കോടതി യഹായയ്ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും തുടർന്ന് നടന്ന നിയമ നടപടികളും അപ്പീലുകളും പൂർത്തിയായിട്ടും അദേഹം ഇതുവരെ ജയിൽമോചിതനായിട്ടില്ല.
2020 മാർച്ചിൽ കാനോ സംസ്ഥാനത്തുനിന്നുള്ള സൂഫി മുസ്ലിം ഗായകനായ യഹായ, താൻ എഴുതിയ പാട്ടിന്റെ വരികൾ വാട്സാപ്പിൽ പങ്കുവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മതനിന്ദ ആരോപിച്ച പ്രാദേശിക അധികാരികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് ജനക്കൂട്ടം അദ്ദേഹത്തിന്റെ കുടുംബവീട് തകർക്കുകയും ചെയ്തു.
2020 ഓഗസ്റ്റ് 10 ന് നിയമ സഹായം പോലും ലഭിക്കാതെ ശരീയത്ത് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. 2021 ജനുവരിയിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും വിചാരണയ്ക്ക് ഉത്തരവിട്ടെങ്കിലും ജാമ്യം ലഭിക്കാത്തതിനാൽ യഹായ ഇപ്പോഴും ജയിലിൽ തുടരുകയാണ്.
ജൂൺ 25 ന് നടക്കേണ്ടിയിരുന്ന സുപ്രീം കോടതി ഹിയറിംഗ് റദ്ദാക്കിയതോടെ കേസ് വീണ്ടും അനിശ്ചിതത്വത്തിലായി. മുൻപ് ഫയൽ ചെയ്ത കേസുകൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഹിയറിംഗ് മാറ്റിയതെന്നാണ് കോടതിയുടെ വിശദീകരണം. എന്നാൽ വധശിക്ഷയുമായി ബന്ധപ്പെട്ട കേസുകൾക്ക് എപ്പോഴും മുൻഗണന നൽകണമെന്നതാണ് നിയമമെന്ന് എഡിഎഫ് ഇന്റർനാഷണൽ ചൂണ്ടിക്കാട്ടുന്നു.
വടക്കൻ നൈജീരിയയിലെ മതനിന്ദാ നിയമങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായവയാണെന്നും യഹായയെപ്പോലുള്ള സൂഫി മുസ്ലിങ്ങളും ക്രൈസ്തവരും ഈ കരിനിയമങ്ങൾ മൂലം കടുത്ത പീഡനങ്ങളാണ് നേരിടുന്നതെന്നും എഡിഎഫ് ഇന്റർനാഷണലിന്റെ സീനിയർ കൗൺസിലായ ഷോൺ നെൽസൺ കുറ്റപ്പെടുത്തി.
സമാധാനപരമായ വിശ്വാസപ്രകടനത്തിന് ശിക്ഷ അനുഭവിക്കുന്ന യഹായയുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022 മുതൽ യഹായയ്ക്ക് നിയമസഹായം നൽകുന്നത് എഡിഎഫ് ഇന്റർനാഷണൽ ആണ്.