പി.എസ്.സി പരീക്ഷാക്രമക്കേടില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച എസ്.ഐ.ടി കൈമാറിയേക്കും. നിലവില്‍ മൂന്നു വകുപ്പുകളുമായി ബന്ധപ്പെട്ട പരീക്ഷാക്രമക്കേടിലാണ് അന്വേഷണം ആരംഭിച്ചത്

 
PSC

കോട്ടയം: പി.എസ്.സി പരീക്ഷാ ക്രമക്കേട് തിങ്കളാഴ്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് എസ്.ഐ.ടി ക്രൈം ബ്രാഞ്ച് മേധാവിക്കു കൈമാറിയേക്കും. പി.എസ്.സി ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച നടക്കുന്ന പി.എസ്.സി യോഗവും പരിഗണിക്കുന്നുണ്ട്.

നിലവില്‍ മൂന്നു വകുപ്പുകളുമായി ബന്ധപ്പെട്ട പരീക്ഷാക്രമക്കേടിലാണ് എസ്ഐടി  അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി വഴി നടന്ന മിക്ക പരീക്ഷകളിലും ക്രമക്കേട് നടന്നെന്ന നിലയിലുള്ള പരാതികളും തെളിവുകളുമാണ് എസ്.ഐ.ടിക്ക് ലഭിക്കുന്നത്.

പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കു നീളുകയാണെന്ന വിവരമാണു പുറത്തേക്കു വരുന്നത്. പരീക്ഷ നടത്തിപ്പ് ക്രമക്കേടുകളിലും നിമനത്തിലും പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി.

ആസൂത്രണ ബോര്‍ഡ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടു മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നു.

ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. കൂടുതല്‍ ഉന്നതര്‍ക്കു പരീക്ഷാതട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് എസ്.ഐ.ടി വിലയിരുത്തല്‍. മൂല്യനിര്‍ണയത്തിലുണ്ടായ വീഴ്ച സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനാണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നത്.

വരുംദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ പ്രാഥമികാന്വേഷണത്തിൻ്റെ ഭാഗമായി ഇത് സാധ്യമല്ലെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരുമെന്നുമുള്ള നിലപാടിലാണ് എസ്.ഐ.ടി.

Tags

Share this story

From Around the Web