മേജര്‍ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലി സമാപനം ഇന്ന്
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലി സമാപനം ഇന്ന്.
തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക പന്തലിലാണ് ചടങ്ങുകൾ. രാവിലെ 8.30 നാണ് പരിപാടികൾ ആരംഭിക്കും.
കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കും. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്ക പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ മുഖ്യാതിഥിയായിരിക്കും.
11 ന് ആരംഭിക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖ്യാതിഥി ആയിരിക്കും.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാര്‍ത്തോമ്മാ സഭ മെത്രാപ്പോലീത്ത തെയഡോഷ്യസ് മാര്‍ത്തോമ്മ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, എം.എ. യൂസഫലി, ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, രജതജൂബിലി ജനറല്‍ കണ്‍വീനര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിക്കും.