ഷട്ടര്‍ തകര്‍ത്തില്ല, പൂട്ട് പൊളിച്ചില്ല; 9 ഇഞ്ച് കനമുള്ള ഭിത്തി തുരന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ കവര്‍ച്ച; 12 കോടിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

 
kisna

ഭോപ്പാല്‍: മധ്യപ്രദേശ് കട്‌നിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ 9 ഇഞ്ച് കനമുള്ള ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. 12 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടെന്നാണ് വിവരം.

കട്‌നിയിലെ എല്‍ഐസി ഓഫീസിന് സമീപമുള്ള ബര്‍ഗവാന്‍ പ്രദേശത്തെ 'കിസ്‌ന ജ്വല്ലേഴ്‌സില്‍' വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാരെത്തി ജ്വല്ലറി തുറന്നപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. 


ജ്വല്ലറിയിലെ ഡിസ്‌പ്ലേ കൗണ്ടറുകള്‍ കാലിയായിരുന്നു. ലോക്കറുകള്‍ തകര്‍ത്ത നിലയിലും കാണപ്പെട്ടു. ജീവനക്കാര്‍ ഉടന്‍ ഷോറൂം ഉടമ മോഹന്‍ ബജാജിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഉത്സവ സീസണായതിനാല്‍ ഷോറൂമില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ആഭരണങ്ങളുടെ സ്റ്റോക്ക് ഉണ്ടായിരുന്നുവെന്ന് മോഹന്‍ ബജാജ് പറഞ്ഞു. ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ജ്വല്ലറിക്കുള്ളില്‍ കടക്കാന്‍ മോഷ്ടാക്കള്‍ സ്വീകരിച്ച രീതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ പ്രധാനമായും അതിശയിപ്പിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിക്കും 7 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് കട്‌നി സൂപ്രണ്ട് ഓഫ് പൊലീസ് അഭിനവ് വിശ്വകര്‍മ വ്യക്തമാക്കി. ഷട്ടറോ മുന്‍ഭാഗത്തെ വാതിലോ തുറക്കുന്നതിന് പകരം, പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

9 ഇഞ്ച് കനമുള്ള ഭിത്തി തുരന്നെങ്കില്‍ അതിന് പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ജ്വല്ലറിയുടെ ലേഔട്ട് മോഷ്ടാക്കള്‍ മുന്‍കൂട്ടി കൃത്യമായി പഠിച്ചിട്ടുണ്ടെന്നും ലോക്കറുകളെയും ഡിസ്‌പ്ലേ കൗണ്ടറുകളുമാണ് മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യമിട്ടതെന്നും എസ്പി അഭിനവ് വിശ്വകര്‍മ വ്യക്തമാക്കി.
 

ഷോറൂമിനുള്ളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ അടുത്തുള്ള റോഡുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. മോഷ്ടാക്കള്‍ എങ്ങനെയാണ് ജ്വല്ലറിക്ക് സമീപമെത്തിയതെന്നും രക്ഷപ്പെട്ടതിന് ശേഷം അവര്‍ ഏത് വഴിയാണ് പോയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ഫോറന്‍സിക് സംഘവും ഫിംഗര്‍പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തകര്‍ന്ന ഭിത്തി, ലോക്കറുകള്‍, ഡിസ്‌പ്ലേ കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് കുറ്റവാളികളെ തിരിച്ചറിയുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags

Share this story

From Around the Web